ബെംഗളൂരു: പബ്ബിലെ ശുചിമുറിയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മക്ഗ്രാത്ത് റോഡിലെ പബ്ബില്‍ ജോലിചെയ്യുന്ന ഒഡീഷ സ്വദേശി ബുദ്ധികാന്ത് ദേബ്‌നാഥിനെയാണ് പോലീസ് പിടികൂടിയത്. ജനുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. 

ശുചിമുറിയില്‍ കയറിയ 34 വയസ്സുകാരിയാണ് ദേബ്‌നാഥ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടത്. യുവതി ബഹളംവെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ സംഭവസമയത്ത് ശുചിമുറിയിലുണ്ടായിരുന്ന മറ്റൊരു യുവതി ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പബ്ബിലെ ജീവനക്കാര്‍ ധരിക്കുന്ന യൂണിഫോമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ഇയാളെ തിരിച്ചറിയുകയും നേരിട്ട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. 

തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പ്രതി പറഞ്ഞെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെ പബ്ബ് മാനേജറോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി പബ്ബ് മാനേജ്‌മെന്റും അറിയിച്ചതായി മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: bengaluru pub worker arrested by police for filming women toilet visuals