ബെംഗളൂരു: മോഷ്ടിച്ച സ്വർണവുമായി ട്രെയിനിൽ നാടുവിട്ട കള്ളനെ വിമാനത്തിലെത്തി പോലീസ് പിടികൂടി. ബെംഗളൂരുവിൽനിന്ന് 1.3 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ ബംഗാൾ സ്വദേശിയെയാണ് ഹൗറ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ഉടൻ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു നഗരത്തിലെ ഒരു വീട്ടിലാണ് ബംഗാൾ സ്വദേശി ജോലിചെയ്തിരുന്നത്. ഇതേ വീട്ടിലെ ബേസ്മെന്റിൽ തന്നെയായിരുന്നു താമസവും. ഒക്ടോബർ ആദ്യവാരം വീട്ടുടമയുടെ കുടുംബാംഗങ്ങളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് വീട്ടുജോലിക്കാരൻ കവർച്ച ആസൂത്രണം ചെയ്തത്.

വീട്ടിലെ ഇലക്ട്രിക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.3 കോടി രൂപയുടെ സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തു.

സംഭവത്തിൽ പരാതി ലഭിച്ചതോടെ ബെംഗളൂരു പോലീസ് നഗരത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചു. ഇതിൽനിന്നാണ് യശ്വന്ത്‌പുർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതി ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പോലീസ് സംഘവും ബംഗാളിലേക്ക് പോവുകയായിരുന്നു.

ട്രെയിനിലോ കാറിലോ പോയാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നതിനാൽ വിമാനത്തിലാണ് പോലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിച്ചത്. കൃത്യസമയത്ത് കൊൽക്കത്തയിൽ വിമാനമിറങ്ങിയ പോലീസ് സംഘം നേരേ ഹൗറ റെയിൽവേ സ്റ്റേഷനിലേക്ക് കുതിക്കുകയും സ്വർണവുമായി ട്രെയിനിൽ എത്തിയ കള്ളനെ കൈയോടെ പിടികൂടുകയുമായിരുന്നു.

Content Highlights:bengaluru police opted flight to nab a thief from kolkata