ബെംഗളൂരു: ബിസിനസുകാരന്‍ വീട്ടില്‍ മരിച്ച സംഭവത്തില്‍ മാസത്തിന് ശേഷം നിര്‍ണയക വഴിത്തിരിവ്. മരണം കൊലപാതകമാണെന്നും വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത് ഭാര്യയും മകനും ചേര്‍ന്നാണെന്നും പോലീസ് കണ്ടെത്തി. കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന, മേല്‍വിലാസമില്ലാത്ത കത്ത് പോലീസിന് ലഭിച്ചതോടെയാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ അന്വേഷണത്തില്‍ ഭാര്യയേയും മകനെയും മൂന്നുവാടകക്കൊലയാളികളെയും പോലീസ് അറസ്റ്റുചെയ്തു.

ഭാര്യ സര്‍വാരി ബീഗം (42) മകന്‍ ഷൈഫ് ഉര്‍ റഹ്മാന്‍ (20), വാടകക്കൊലയാളികളായ അഫ്ത്താബ് (22), മുഹമ്മദ് സൈഫ് ( 20), സയീദ് അവീസ് പാഷ( 23) എന്നിവരാണ് അറസ്റ്റിലായത്.

പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ചെരിപ്പ് നിര്‍മാണ യൂനിറ്റ് നടത്തുന്ന മുഹമ്മദ് ഹന്‍ജ (52) യാണ് കഴിഞ്ഞമാസം 10-ന് രാജഗോപാല്‍ നഗറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ഭാര്യയും മകനും ബന്ധുക്കളെയും അയല്‍ക്കാരെയും വിശ്വസിപ്പിച്ചത്. മൃതദേഹം അന്നുതന്നെ സംസ്‌കരിക്കുകയും ചെയ്തു.

ഒരാഴ്ചമുമ്പാണ് മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഭാര്യയുടേയും മകന്റെയും നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് മുഹമ്മദ് ഹന്‍ജയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയ്ക്കും മകള്‍ക്കും മറ്റുപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഹന്‍ജ നിരന്തരം വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതാണ് കൊലനടത്താന്‍ കാരണമെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കി.

ഷൈഫ് ഉര്‍ റഹ്മാന്റെ പരിചയക്കാരെയാണ് കൊലയ്ക്ക് നിയോഗിച്ചത്. നാലരലക്ഷം രൂപയ്ക്കായിരുന്ന ക്വട്ടേഷന്‍. ഉറക്കഗുളിക കൊടുത്ത് മയക്കിക്കിടത്തിയശേഷം തലയണയുപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊലനടത്തിയത്.