ബെംഗളൂരു: ഹോട്ടലില്‍ തൂപ്പുജോലിയെടുത്ത് ലഭിച്ച ആദ്യശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ബല്ലാരി സ്വദേശിയായ ശില്‍പ്പയെ (21) ആണ് ഭര്‍ത്താവ് കല്ലേഷ് (31) കൊലപ്പെടുത്തിയത്. കൊത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭക്ഷണവിതരണ ഏജന്റായ കല്ലേഷിനെയും മൂത്ത സഹോദരന്‍ കൃഷ്ണപ്പയെയും പോലീസ് അറസ്റ്റുചെയ്തു.

ശില്‍പ്പയുടെ മൃതദേഹം കൊത്തന്നൂരില്‍ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ (ബി.ഡി.എ.) വിജനമായ സ്ഥലത്ത് മറവുചെയ്യുകയായിരുന്നു. ഓഗസ്റ്റ് 12-നായിരുന്നു കൊലനടത്തിയത്. മൃതദേഹം കല്ലേഷും സഹോദരനും ബൈക്കിലാണ് കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ശില്‍പ്പയെ കാണുന്നില്ലെന്ന് കല്ലേഷ് പോലീസില്‍ പരാതിനല്‍കാനെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഒരു വര്‍ഷംമുമ്പായിരുന്നു ഇവരുടെ വിവാഹം. ദുര്‍ഗ പരമേശ്വരി ലേഔട്ടില്‍ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ശില്‍പ്പയ്ക്ക് ഓഗസ്റ്റ് 12-നാണ് ആദ്യശമ്പളം ലഭിച്ചത്. പണംകൊടുക്കാത്തതിനെത്തുടര്‍ന്ന് ശില്‍പ്പ കിടക്കാന്‍പോയപ്പോള്‍ കല്ലേഷ് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണപ്പയുടെ സഹായത്തോടെ വിജനമായസ്ഥലത്ത് കൊണ്ടുപോയി മറവുചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

content Highlight:  Bengaluru man kills wife for refusing to give him first salary