ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ട രണ്ടരവയസ്സുകാരി മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് അഞ്ചുദിവസം. പ്രാദേശിക കന്നഡ പത്രത്തിലെ ജീവനക്കാരനായ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധുറാണി (31), മധുസാഗര്‍ (25) എന്നിവരെയും സിന്ധുറാണിയുടെ ഒമ്പതുമാസം പ്രായമുള്ള മകനെയുമാണ് വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സിന്ധുറാണിയുടെ മകളാണ് രക്ഷപ്പെട്ട രണ്ടരവയസ്സുകാരി. ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് കുട്ടിയുടെ ബോധം മറയാന്‍ കാരണമെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണംചെയ്തു.

കുട്ടിക്ക് ചികിത്സയോടൊപ്പം കൗണ്‍സലിങ്ങും ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. സിഞ്ചനയും സിന്ധുറാണിയും ഭര്‍ത്താക്കന്മാരോട് വഴക്കുണ്ടാക്കി വീട്ടിലേക്ക് തിരിച്ചെത്തിയതാണെന്ന് ശങ്കര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ശങ്കര്‍ വീട്ടില്‍നിന്നു പോയി. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. കൂട്ട ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് അഡീഷണല്‍ പോലീസ് കമ്മിഷണര്‍ സൗമേന്തു മുഖര്‍ജി പറഞ്ഞു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)