ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷൻ മുൻ ബി.ജെ.പി. കൗൺസിലർ രേഖാ കതിരേഷിനെ(46)കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ പോലീസ് വെടിവെച്ച് പിടികൂടി. നഗരത്തിലെ കാമാക്ഷി പാളയത്തുനിന്നാണ് പീറ്റർ, സൂരി എന്ന സൂര്യ എന്നിവരെ പിടികൂടിയത്. പോലീസിനെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്കുനേരെ വെടിയുതിർത്തതെന്ന് സിറ്റി പോലീസ് കമ്മിഷണർ കമൽപന്ത് പറഞ്ഞു. പീറ്ററിന്റെ വലതുകാലിനും സൂര്യയുടെ ഇടതുകാലിനുമാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിലെ മുഖ്യപ്രതികളാണ് പീറ്ററും സൂര്യയുമെന്ന് പോലീസ് കമ്മിഷണർ അറിയിച്ചു. കൊലപാതകത്തിനുശേഷം ഇവർ കാമാക്ഷിപാളയ മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയമുണ്ട്. തിരിച്ചറിഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. അഡീഷണൽ പോലീസ് കമ്മിഷണർ മുരുഗന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വ്യാഴാഴ്ച രാവിലെ പത്തരയോടെ കോട്ടൻ പേട്ടിലെ ഓഫീസിനുമുന്നിൽവെച്ചാണ് പ്രതികൾ രേഖയെ കുത്തിവീഴ്ത്തിയത്. ഓഫീസിനുമുന്നിൽ രേഖയുടെ നേതൃത്വത്തിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. രേഖയുടെ ഭർത്താവ് കതിരേഷും സമാനമായരീതിയിൽ മൂന്നു വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. 2018 ഫെബ്രുവരിയിലാണ് ഒരു സംഘം അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയത്. ഇതിലെ പ്രതികൾ പിന്നീട് കോടതിയിൽ കീഴടങ്ങിയിരുന്നു.