ബെംഗളൂരു: കന്നഡ സിനിമാരംഗത്തുനിന്നുള്ളവർ പങ്കെടുത്ത വിരുന്നുകളിൽ വ്യാപകമായി മയക്കുമരുന്ന് എത്തിയിരുന്നതായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, ആഫ്രിക്കൻ സ്വദേശി ലോം പെപ്പർ സാംബ എന്നിവരെ ചോദ്യംചെയ്തതിൽനിന്നാണ് വർഷങ്ങളായി നിശാപാർട്ടികളിൽ മയക്കുമരുന്നെത്തിയെന്നു കണ്ടെത്തിയത്.

'നിംഹാൻസ്' ആശുപത്രിയിലെ വനിതാകേന്ദ്രത്തിലാണ് രാഗിണിയെ ചോദ്യംചെയ്യുന്നത്. പാർട്ടികളിൽ പങ്കെടുക്കാറുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നുമാണ് അവർ മൊഴിനൽകിയത്. രഹസ്യമായ സൂചനാപദങ്ങളാണ് ലഹരിമരുന്നുവിതരണത്തിനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നത് ലോം പെപ്പർ സാംബയാണ്. പാർട്ടികൾ സംഘടിപ്പിക്കാനും പങ്കെടുക്കുന്നവർക്ക് ലഹരിമരുന്ന് നൽകാനും മറ്റൊരു സംഘമുണ്ടായിരുന്നു. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ, രാഹുൽ ഷെട്ടി എന്നിവരാണ് പാർട്ടികളിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത്.

എം.ഡി.എം.എ. ഗുളികൾക്ക് 'പിങ്ക് പണിഷർ', ഉത്തേജകമരുന്നുകൾക്ക് 'ഹലോ കിറ്റി', കൊക്കൈയിനിന് 'എനർജി ഡ്രിങ്ക്' എന്നിങ്ങനെയായിരുന്നു സൂചനാപദങ്ങൾ. പാർട്ടികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ കൊക്കൈയിൻ, എം.ഡി.എം.എ. ഗുളികകൾക്കുമായിരുന്നു.

ഉന്നതസ്വാധീനമുള്ള കുടുംബങ്ങളിൽനിന്നുള്ളവരെ പാർട്ടികളിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിടിക്കപ്പെട്ടാൽ രക്ഷപ്പെടാനായിരുന്നു ഇത്. ചെറുതും വലുതുമായ ലഹരിപ്പാർട്ടികളാണ് നഗരത്തിൽ നടന്നിരുന്നത്. പ്രൊഡക്ഷൻ കമ്പനിയുടമ വിരൺ ഖന്നയാണ് പാർട്ടി നടത്തിയിരുന്നത്. ഓരോ പാർട്ടിയിലും വിവിധ മേഖലകളിൽനിന്നുള്ള 30-ഓളംപേർ പങ്കെടുത്തിരുന്നെന്ന് രവിശങ്കർ മൊഴിനൽകി. രാമനഗര, ബിഡദി, മൈസൂരു എന്നിവിടങ്ങളിലെ നക്ഷത്രഹോട്ടലുകളിലും റിസോർട്ടുകളിലും തുമകൂരു, ദാവൻഗരെ എന്നിവിടങ്ങളിലെ ഫാംഹൗസുകളിലും ഇത്തരം പാർട്ടികൾ നടന്നു.

നൈജീരിയയിൽനിന്നു പാർസലായി എത്തിക്കുന്ന മയക്കുമരുന്നുകൾ രവിശങ്കറിനാണ് കൈമാറിയതെന്ന് ലോം പെപ്പർ സാംബ മൊഴി നൽകി. ഇയാൾക്ക് പാസ്പോർട്ടും വിസയുമില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. പാർട്ടി സംഘടിപ്പിക്കുന്ന വിരൺ ഖന്ന രണ്ടുവർഷംമുമ്പാണ് ബെംഗളൂരുവിലെത്തിയത്. രവിശങ്കറാണ് വിരൺ ഖന്നയെ രാഗിണി ദ്വിവേദിക്ക് പരിചയപ്പെടുത്തിയത്.

വിരൺ ഖന്നയും ആദിത്യ ആൽവയും സുഹൃത്തുക്കളാണ്. പാർട്ടികളിൽ ആദിത്യ ആൽവയും പങ്കെടുത്തിരുന്നു. രണ്ടു വർഷം മുമ്പ് രാഗിണി ദ്വിവേദിയും സുഹൃത്ത് രവിശങ്കറും ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ അന്വേഷണം നടന്നില്ലെന്നും കണ്ടെത്തി. വർഷങ്ങളായി നഗരത്തിൽ രവിശങ്കറും സംഘവും ലഹരിപ്പാർട്ടികൾ നടത്തിയതിന് തെളിവുലഭിച്ചിട്ടുണ്ട്.

Content Highlights:bengaluru drug racket case actress ragini dwivedi was active in night party