ബെംഗളൂരു: കന്നഡ സിനിമാ താരങ്ങളടക്കം ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ വിശദമായ അന്വേഷണം തുടരുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി) സസ്‌പെന്‍ഡ് ചെയ്തു. സിസിബി എ.സി.പി. എം.ആര്‍. മുദവി, ഹെഡ് കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജുന്‍ എന്നിവരെയാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇരുവരും വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെട്ട കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സി.സി.ബി.യെ വലച്ചിരുന്നു. സസ്‌പെന്‍ഷന്‍ ലഭിച്ച രണ്ട് പേരും കേസിലെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് കണ്ടെത്തല്‍. സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതിലൂടെ ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിവരങ്ങള്‍ ചോരുന്നതായി സംശയമുണ്ടായതോടെ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. എ.സി.പി. മുദവിയും ഹെഡ് കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജുനയുമാണ് വിവരങ്ങള്‍ കൈമാറുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്. അതേസമയം, എ.സി.പി. മുദവി ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: bengaluru drug case two policemen suspended for leaking information