ബെംഗളൂരു: മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മെഡിക്കൽ പരിശോധനക്കിടെ നിയന്ത്രണംവിട്ട് പോലീസിനോട് കയർത്തു. കെ.സി. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ മെഡിക്കൽ പരിശോധനയെ എതിർക്കുകയും പോലീസുകാരോട് തട്ടിക്കയറുകയും ചെയ്തു.

താൻ നിരപരാധിയാണെന്നും പോലീസിൽ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു. ''നിങ്ങൾ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളിൽ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നൽകാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട്'' -അവർ പറഞ്ഞു. സഞ്ജന പോലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവർ പിന്നീട് അനുമതി നൽകിയത്. ശാസ്ത്രീയതെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. രക്തസാമ്പിൾ എടുക്കുന്നതിനെയാണ് നടി എതിർത്തത്.

ലഹരിമരുന്ന് കേസ്: ഇ.ഡി. കേസെടുക്കും; കേരളത്തിലെ ബന്ധങ്ങളും അന്വേഷിക്കും

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. ലഹരിക്കടത്തിന് അന്തഃസംസ്ഥാന, വിദേശ ബന്ധമുള്ളതിനാൽ ഹവാല പണമിടപാട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇ.ഡി. കേസെടുക്കാൻ തീരുമാനിച്ചത്. സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് ഇ.ഡി. അന്വേഷണം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞു.

ലഹരിമരുന്ന് കേസിൽ രാഷ്ട്രീയ, സിനിമ, വ്യവസായ രംഗത്തെ പ്രമുഖർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ച വ്യവസായിയും പ്രൊഡക്ഷൻ കമ്പനി ഉടമയുമായ വിരൺ ഖന്ന, ബിസിനസുകാരായ പ്രശാന്ത് രംഗ, രാഹുൽ ഷെട്ടി എന്നിവർ ലഹരിസംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകിയതിന് തെളിവുകൾ ലഭിച്ചു. ബെംഗളൂരുവിലെ മുതിർന്ന ഒരു എം.എൽ.എ.യുടെ സഹായിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകളിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.

ലഹരികടത്തുക്കാർക്കായി ഹവാല ഇടപാട് നടത്തിയതായും കണ്ടെത്തി. കേസ് രജിസ്റ്റർചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ചിൽനിന്നാണ് തെളിവുകൾ ശേഖരിച്ചത്. ലഹരിസംഘത്തിന്റെ അന്തഃസംസ്ഥാന സാമ്പത്തിക ഇടപടുകളിൽ അന്വേഷണം നടത്തുന്നതിന് സെൻട്രൽ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഏജൻസിക്ക് കൈമാറാൻ തീരുമാനിച്ചത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിപക്ഷം പേർക്കും കേരളവുമായി ബന്ധമുണ്ട്. അറസ്റ്റിലായവരുടെ കേരളബന്ധം സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻ.സി.ബി.) കൈമാറിയതോടെ അന്വേഷണം കേരളത്തിലേക്കും നീളും.

അറസ്റ്റിലായ നാലുപ്രതികളിൽ എറണാകുളം സ്വദേശി മുഹമ്മദ് അനൂപും തൃശ്ശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഉൾപ്പെടും. ഇതിൽ മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ട്. മുഹമ്മദ് അനൂപിന് െറസ്റ്റോറന്റ് ആരംഭിക്കാൻ ബിനീഷ് കോടിയേരി സാമ്പത്തികമായി സഹായിച്ചുവെന്ന് മൊഴിയുണ്ട്.

Content Highlights:bengaluru drug case sanjjanaa galrani conflict with police officers