ബെംഗളൂരു: സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്നുകേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നഗരത്തിലെ ലഹരിപ്പാര്‍ട്ടികളിലേക്ക് മയക്കുമരുന്നെത്തിച്ച ശ്രീനിവാസ് സുബ്രഹ്മണ്യ(42)നാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് എം.ഡി.എം.എ. ഗുളികകളും ഹാഷിഷും പിടികൂടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

അറസ്റ്റിലായ ഒരു നടി ബെംഗളൂരുവിലെ ഇയാളുടെ ഫ്‌ളാറ്റില്‍ നാലുതവണ സന്ദര്‍ശിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിപ്പാര്‍ട്ടികളിലേക്ക് മയക്കുമരുന്നെത്തിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേരെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുടെ ജാമ്യപേക്ഷ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇവര്‍ സെപ്റ്റംബര്‍ 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജാമ്യത്തെ എതിര്‍ത്തുള്ള വാദങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍പ്പേരെ ചോദ്യംചെയ്യാനുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സഞ്ജന കോടതിയെ അറിയിച്ചത്. കഴിഞ്ഞദിവസം ചോദ്യംചെയ്ത നടന്‍മാരായ അകുല്‍ ബാലാജി, സന്തോഷ് എന്നിവരെ വീണ്ടും ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ച, മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയെ ഇതുവരെ പിടികൂടാനായിട്ടില്ല. ആദിത്യ ആല്‍വയുടെ ബെംഗളൂരുവിലെ ഫാം ഹൗസില്‍ നടത്തിയ ലഹരിപ്പാര്‍ട്ടികളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.

നടി സഞ്ജന ഇസ്ലാം മതം സ്വീകരിച്ചെന്ന് അവകാശവാദം

ബെംഗളൂരു: ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി ഇസ്ലാം മതം സ്വീകരിച്ചതായി 'വെളിപ്പെടുത്തല്‍'. മുസ്ലിം മതനേതാവായ മുഹമ്മദ് ജലാലുദീനാണ് സഞ്ജന രണ്ടുവര്‍ഷംമുമ്പ് ഇസ്ലാം മതം സ്വീകരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

2018 ഒക്ടോബര്‍ ഒമ്പതിനാണ് ഇസ്ലാം മതത്തില്‍ ചേരണമെന്ന ആഗ്രഹവുമായി രണ്ടു സുഹൃത്തുക്കളോടൊപ്പം തന്നെ സമീപിച്ചതെന്നും മഹിറ എന്ന പേരു സ്വീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാംമതം സ്വീകരിച്ചതിന്റെ സാക്ഷ്യപത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിനും ഇടയാക്കി.

സിനിമയില്‍ 'ലഹരി ജിഹാദ്' നടക്കുകയാണെന്ന ആരോപണവുമായി ചില ഹൈന്ദവസംഘടനകള്‍ രംഗത്തെത്തി. സഞ്ജനയുടെ യഥാര്‍ഥ പേര് അര്‍ച്ചന ഗല്‍റാണിയെന്നാണെന്നും സിനിമയിലെ പേരാണ് സഞ്ജന ഗല്‍റാണിയെന്നും പറയപ്പെടുന്നു.

ലഹരിവേട്ട തുടരുന്നു, ഈ വര്‍ഷം പിടിച്ചെടുത്തത് ആറു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് 

ബെംഗളൂരു: കോവിഡ് കാലത്ത് ലഹരിമരുന്നു വില്‍പ്പനയും ഉപയോഗവും വന്‍തോതില്‍ കൂടിയെന്നതിന്റെ തെളിവാണ് ഈ വര്‍ഷം കര്‍ണാടകത്തില്‍നിന്നു പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ കണക്കുകള്‍. കന്നഡ സിനിമാമേഖലയുമായും മറ്റു നിശാപാര്‍ട്ടികളുമായും ബന്ധപ്പെട്ട് നിരവധി പേരില്‍നിന്നാണ് അടുത്തിടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്. ബെംഗളൂരുവിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും വ്യാപക റെയ്ഡാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ലഹരിമരുന്ന് മാഫിയയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് ബെംഗളൂരു ജോയന്റ് കമ്മിഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആറു കോടിയിലധികം രൂപയുടെ ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇരട്ടിയാണിത്. 2019-ല്‍ 768 കേസുകളിലായി 3.46 കോടിയുടെ മയക്കുമരുന്നായിരുന്നു പിടിച്ചത്. 2020-ല്‍ സെപ്റ്റംബര്‍വരെ 1,700 കേസുകളിലായി ആറു കോടി രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. എല്‍.എസ്.ഡി. പോലുള്ള ലഹരിമരുന്നുകളുടെ ഉപയോഗം കൂടിയതായാണ് കണ്ടെത്തല്‍. ഇതുവരെ 2,700 സ്ട്രിപ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹാഷിഷ് ഓയിലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വളരെ കൂടുതല്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1.6 ലിറ്റര്‍ ഹാഷിഷ് ഓയില്‍ ആയിരുന്നു പിടിച്ചെടുത്തത്. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 23 ലിറ്റര്‍ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 1,000 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2,600 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തിട്ടുള്ളത്. കലബുറഗിയിലെ ആടു ഫാമിന്റെ ഭൂഗര്‍ഭ അറയില്‍ നിന്നുമാത്രം കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത് 12 ക്വിന്റല്‍ കഞ്ചാവാണ്. ആന്ധ്രയില്‍ നിന്ന് പച്ചക്കറി ലോറികളിലെത്തിച്ച കഞ്ചാവ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കു വിതരണം ചെയ്യുന്നതിനായി ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു.

ബെംഗളൂരു കാഡുഗോഡിയിലെ ഫ്‌ലാറ്റില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം 90 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. കഞ്ചാവ് ജെല്ലികളും ഈ വര്‍ഷം വന്‍തോതില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഡാര്‍ക്ക് വെബ് പോലുള്ള ആധുനികസംവിധാനങ്ങള്‍ വഴി ലഹരിമരുന്ന് എത്തിക്കുന്നത് തടയിടാന്‍ പോലീസിന് കഴിഞ്ഞു. വിദേശത്തുനിന്ന് ഡാര്‍ക്ക് വെഡ് വഴി ലഹരിമരുന്ന് എത്തിച്ചതിന് നാലു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രസാദമെന്ന വ്യാജേന കൊറിയര്‍ ആയും കര്‍ണാടക ആര്‍.ടി.സി. ബസ്സുകളിലൂടെയും വിവിധ സ്ഥലങ്ങളിലേക്കു മയക്കുമരുന്ന് കടത്തിയ സംഘത്തെയും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് കടത്തുന്നതിന് കൂട്ടുനിന്നതിന് നാലു പോസ്റ്റല്‍ വകുപ്പ് ജീവനക്കാരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മലയാളികളുള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസങ്ങളില്‍ പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം മാഗഡി റോഡില്‍ 70 ഗ്രാം ലഹരിമരുന്നുമായി മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

മയക്കുമരുന്നു പിടിച്ചു; രണ്ടു നൈജീരിയക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വിവിധ മയക്കുമരുന്നു കേസുകളിലായി രണ്ടു നൈജീരിയക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു.

നൈജീരിയന്‍ സ്വദേശികളെ രാമമൂര്‍ത്തിനഗറില്‍നിന്നാണ് പിടികൂടിയത്. ഇവരുടെ താമസസ്ഥലത്തുനിന്ന് പത്തുലക്ഷം രൂപ വിലമതിക്കുന്ന 134 മയക്കുമരുന്നു ഗുളികകളും എല്‍.എസ്.ഡി. സ്ലിപ്പുകളും കണ്ടെടുത്തതായി ബെംഗളൂരു ജോയന്റ് കമ്മിഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ബദരഹള്ളിയില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ മുകേഷ് സിങ്, ചന്ദന്‍കുമാര്‍ എന്നിവരെ സി.സി.ബി. ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരുടെ താമസസ്ഥലത്തുനിന്ന് അഞ്ചു കിലോ കഞ്ചാവ് കണ്ടെടുത്തു. ബൈക്ക്, മൊബൈല്‍ ഫോണ്‍, തൂക്കംനോക്കുന്ന മെഷീന്‍, 1260 രൂപ എന്നിവയും പിടിച്ചെടുത്തു.

നഗരത്തിലെ മറ്റൊരിടത്തു നടത്തിയ പരിശോധനയില്‍ കഞ്ചാവുവില്‍പ്പനക്കാരനായ വിജയ് പിടിയിലായി.ഇയാളില്‍നിന്ന് ഒന്നര കിലോ കഞ്ചാവും മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയരുന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlights: bengaluru drug case one more arrested