ബെംഗളൂരു: സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അരൂർ സ്വദേശി നിയാസ് മുഹമ്മദ്, ലഹരിപ്പാർട്ടി നടത്തിപ്പുകാരും ബിസിനസുകാരുമായ പ്രശാന്ത് രംഗ, വൈഭവ് ജെയിൻ, പ്രതീക് ഷെട്ടി എന്നിവരുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി തള്ളി.

ലഹരിമരുന്ന് കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇവർക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നും ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

നടി സഞ്ജന ഗൽറാണിയുടെ അടുത്ത സുഹൃത്താണ് നിയാസ് മുഹമ്മദ്. കേരളത്തിൽനിന്ന് മയക്കുമരുന്നുകൾ ലഹരിപ്പാർട്ടികളിലേക്കെത്തിച്ചുവെന്നാണ് നിയാസ് മുഹമ്മദ് മൊഴി നൽകിയത്. മലയാളം, കന്നഡ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത നിയാസിന് സിനിമാരംഗത്തെ പ്രമുഖരുമായി ബന്ധമുണ്ടെന്നും കോടതിയെ അറിയിച്ചു. കേസിൽ പിടികൂടാനുള്ള അഭിസ്വാമി, പ്രശാന്ത് രാജു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി.

Content Highlights:bengaluru drug case no bail for niyas mohammed and three other accused