ബെംഗളൂരു: ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തായി. ലഹരിപാര്‍ട്ടി നടത്തിപ്പുകാരുമായി രാഗിണിക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീനിവാസ് സുബ്രഹ്മണ്യനില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ശ്രീ എന്നറിയപ്പെടുന്ന ശ്രീനിവാസ് സുബ്രഹ്മണ്യനുമായി രാഗണിക്ക് ബന്ധമുണ്ട്. ഇയാളില്‍നിന്ന് നേരിട്ട് ലഹരിമരുന്ന് വാങ്ങുകയുംചെയ്തിരുന്നു. ഇതിനായി ശ്രീനിവാസിന്റെ സഹകാരനഗറിലെ ഫ്‌ലാറ്റില്‍ രാഗിണിയും സുഹൃത്തുക്കളും എത്തിയിരുന്നു.
ബിസിനസുകാരായ വിരണ്‍ഖന്ന, വൈഭവ് ജെയിന്‍, ആദിത്യ അഗര്‍വാള്‍, മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വ എന്നിവരുമായും രാഗിണിക്ക് ബന്ധമുണ്ടായിരുന്നു. ഇവര്‍ സംഘടിപ്പിച്ച ലഹരിപാര്‍ട്ടികളില്‍ രാഗിണി പങ്കെടുത്തിരുന്നെന്നാണ് പിടിയിലായവരുടെ മൊഴി. രാഗിണിയുമായി സുഹൃത്ത് രവിശങ്കര്‍വഴിയാണ് ഇവര്‍ ബന്ധം സ്ഥാപിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നടിമാരായ രാഗിണിയെയും സഞ്ജന ഗല്‍റാണിയെയും മുന്നില്‍നിര്‍ത്തിയാണ് ലഹരിപാര്‍ട്ടികളിലേക്ക് ഉന്നതരെ എത്തിച്ചിരുന്നത്. ലഹരിപാര്‍ട്ടികളുമായി തനിക്ക് നേരിട്ടു ബന്ധമില്ലെന്നാണ് രാഗിണി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ അറസ്റ്റിലായവരില്‍നിന്നും രാഗണിക്കെതിരേ കൂടുതല്‍ തെളിവുകളാണ് ലഭിച്ചത്. നടി സഞ്ജനയുടെ സുഹൃത്തുക്കളായ മലയാളി നിയാസ് മുഹമ്മദ്, രാഹുല്‍ ഷെട്ടി എന്നിവരും ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു.
ലഹരിപാര്‍ട്ടികളിലേക്ക് എം.ഡി.എം.എ. ഗുളികകളാണ് പ്രധാനമായും എത്തിച്ചിരുന്നത്. വിദേശത്തുനിന്ന് എം.ഡി.എം.എ. ഗുളികകള്‍ നഗരത്തിലെത്തിച്ചിരുന്നത് പിടിയിലായ ആഫ്രിക്കക്കാരായ ലോം പെപ്പര്‍ സാംബ, ബെനാള്‍ഡ് ഉഡന്ന എന്നിവരായിരുന്നു. ഇക്കാര്യം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ബെംഗളൂരുവിനടുത്ത് ദേവനഹള്ളി, കനകപുര എന്നിവിടങ്ങളില്‍ ശ്രീനിവാസ് സുബ്രഹ്മണ്യനും വൈഭവ് ജെയിനുംചേര്‍ന്ന് ഫ്‌ലാറ്റുകളും റിസോര്‍ട്ടുകളും വാടകയ്‌ക്കെടുത്താണ് ലഹരിപാര്‍ട്ടികള്‍ നടത്തിയിരുന്നത്. വാരാന്ത്യങ്ങളില്‍ നടത്തിയിരുന്ന പാര്‍ട്ടികളില്‍ പങ്കെടുത്ത സിനിമാതാരങ്ങളെക്കുറിച്ചും ശ്രീനിവാസ് വെളിപ്പെടുത്തിയിട്ടുണ്ട്.
സിനിമാ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ 50 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നടി രാഗിണിക്ക് ലഹരിമരുന്നെത്തിച്ചവരില്‍ പ്രധാനി ശ്രീനിവാസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോവയില്‍നിന്ന് ഇയാള്‍ ലഹരിമരുന്നുകള്‍ ബെംഗളൂരുവിലെത്തിച്ചിരുന്നു.
ലഹരിമാഫിയകള്‍ക്ക് സാമ്പത്തികസഹായം നല്‍കിയവരെക്കുറിച്ചും അന്വേഷണം തുടങ്ങി. ലോക്ഡൗണ്‍ കാലത്ത് ലഹരിമാഫിയകള്‍ക്ക് പുറത്തുനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഇക്കാലത്ത് കൂടുതല്‍ ലഹരിപാര്‍ട്ടികള്‍ നടന്നതായും വിവരം ലഭിച്ചു. ആദിത്യ ആല്‍വയെ പിടികൂടുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നടിമാരുടെ ജാമ്യാപേക്ഷ 24-ലേക്ക് മാറ്റി
ലഹരിമരുന്നുകേസില്‍, കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി 24-ലേക്ക് മാറ്റി. കേസില്‍ പങ്കില്ലെന്നും ഡിജിറ്റല്‍ തെളിവുണ്ടെന്ന കാരണത്താലാണ് അറസ്റ്റുചെയ്തതെന്നും രാഗിണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തതിനും ലഹരിമരുന്ന് ഉപയോഗിച്ചതിനും തെളിവുണ്ടെന്നും കൂടുതല്‍പ്പേരെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. നടിമാരായ രാഗിണിക്കും സഞ്ജനയ്ക്കും സമൂഹത്തില്‍ സ്വാധീനമുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ തടസ്സവാദം.
കഞ്ചാവ് വേട്ട തുടരുന്നു
ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസ് കഞ്ചാവുവേട്ട ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികള്‍. രണ്ടാഴ്ച മുമ്പ് 53 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വിദ്യാര്‍ഥികളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്. ആദ്യം അഭിഷേക് അതുല്‍ സിങ്, സുദര്‍ശന്‍ ശ്രീനിവാസ് എന്നിവരെയാണ് രണ്ടാഴ്ച മുമ്പ് നഗരത്തിലെ ഒരു കോളേജിനു സമീപത്തുനിന്ന് തിലക്നഗര്‍ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ ക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു.
ബനശങ്കരി സ്വദേശിയായ ബി.സി.എ. വിദ്യാര്‍ഥി നചികേത് (19) എന്നയാളില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് അഭിഷേകും സുദര്‍ശനും പോലീസിനോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ജി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിറ്റേദിവസം നചികേത് കഞ്ചാവ് വില്‍ക്കാനെത്തിയപ്പോള്‍ അറസ്റ്റുചെയ്തു. 250 ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ബി.ബി.എ. വിദ്യാര്‍ഥിയായ ജയനഗര്‍ സ്വദേശി പ്രശാന്തില്‍ (21) നിന്നാണ് തനിക്ക് കഞ്ചാവ് ലഭിച്ചതെന്ന് നചികേത് പറഞ്ഞു. പ്രശാന്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ ആദിത്യ വൊറയില്‍ (21) നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ആദിത്യ വൊറയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി ഒന്നേകാല്‍ കിലോ കഞ്ചാവും 25 ഗ്രാം ഹൈഡ്രോ കഞ്ചാവും മയക്കുമരുന്നു ഗുളികകളും എല്‍.എസ്.ടി. സ്ട്രിപ്പുകളും പിടിച്ചെടുത്തു. ടെറസിന്റെ മേലെ കഞ്ചാവ് വളര്‍ത്തിയിരുന്നതായും കണ്ടെത്തി.
ഗുജറാത്ത് സ്വദേശിയായ ആദിത്യ എന്‍ജിനിയറിങ് പഠനത്തിനായി ബെംഗളൂരുവിലെത്തിയതാണ്. കഞ്ചാവിന് അടിപ്പെട്ട ആദിത്യ പിന്നീട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന ഏര്‍പ്പാട് തുടങ്ങുകയായിരുന്നു. ബികോം വിദ്യാര്‍ഥി കൊത്താരി (20), ബി.ബി.എം. വിദ്യാര്‍ഥി നാഗരാജ് റാവു (20) എന്നിവരില്‍ നിന്നായിരുന്നു ആദിത്യ കഞ്ചാവ് വാങ്ങി വിറ്റിരുന്നത്. ഡാര്‍ക്ക് വെബ് വഴിയും കഞ്ചാവ് വാങ്ങിയിരുന്നു. കോത്താരി, നാഗരാജ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസം സ്വദേശികളായ ഖൈറുള്‍ ഇസ്ലം (20), മുഹമ്മദ് ഫാറൂഖ് അഹമ്മദ് (31) എന്നിവരെ പോലീസ് പിടികൂടി. ഒഡിഷയില്‍നിന്ന് കഞ്ചാവെത്തിച്ച് ബെംഗളൂരുവിലെ വിതരണക്കാര്‍ക്ക് കൈമാറിയിരുന്നത് ഇവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ലഹരിക്ക് കൂടുതലായും അടിമപ്പെടുന്നത്. ആദ്യം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലഹരിമരുന്നു നല്‍കി വശത്താക്കിയശേഷം പതിയെ ഇവരെ ലഹരിമരുന്നു കച്ചവടത്തിലേക്കു തിരിക്കുകയാണ് പതിവ്. പിടിയിലാകുന്നവരില്‍ മലയാളി വിദ്യാര്‍ഥികളുമുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം മലയാളി വിദ്യാര്‍ഥികളാണ് കഞ്ചാവുമായി പിടിയിലായത്. എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന് വിചാരിച്ചാണ് വിദ്യാര്‍ഥികള്‍ ലഹരിമരുന്നു വില്‍പ്പനയിലേക്ക് തിരിയുന്നത്.
Content Highlights: bengaluru drug case more evidence against actress ragini dwivedi