ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച്(സി.സി.ബി) കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടൻ ദിഗ്നാഥിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായ്ക്കും സി.സി.ബി. നോട്ടീസ് അയച്ചു. ബുധനാഴ്ച സി.സി.ബി.ക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമയിൽ സജീവമാണ് ദിഗ്നാഥ്. ഭാര്യ ഐന്ദ്രിത റായ് 30-ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് ഇരുവരും വിവാഹിതരായത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കർണാടകയിലെ മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ വസതിയിലും സി.സി.ബി. റെയ്‌ഡ് നടത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നാണ് സി.സി.ബി. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആദിത്യയുടെ ഹെബ്ബാളിന് സമീപത്തെ വസതിയിൽ മയക്കുമരുന്ന് പാർട്ടികൾ നടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധു കൂടിയാണ് ആദിത്യ ആൽവ.

സീരിയൽ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്. സീരിയൽ നടി അനിഘ പല സിനിമാ താരങ്ങൾക്കും മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ 15 പേർക്കെതിരേയാണ് സി.സി.ബി. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം ഒമ്പത് പേരെ കേസിൽ അറസ്റ്റ് ചെയ്തു.

Content Highlights:bengaluru drug case ccb sent notice to actor dignath manchale and actress aindrita ray