ബെംഗളൂരു: സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്നുകേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്ക ആൽവയ്ക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് വീണ്ടും സമൻസ് അയച്ചു. ഒക്ടോബർ 20-ന് ബെംഗളൂരുവിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ സമൻസ് അയച്ചെങ്കിലും പ്രിയങ്ക ആൽവ ഹാജരായിരുന്നില്ല. വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ റെയ്‌ഡ് നടത്തിയതിനുപിന്നാലെയാണ് സമൻസ് അയച്ചത്.

ലഹരിക്കേസിൽ നാലാം പ്രതിയായ ആദിത്യ ആൽവ പ്രിയങ്ക ആൽവയുടെ സഹോദരനാണ്. ഇയാൾക്കെതിരേ തിരച്ചിൽ നോട്ടീസ് ഇറക്കിയെങ്കിലും പിടികൂടാനായിട്ടില്ല.

ആദിത്യ ആൽവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് പ്രിയങ്കയെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്. മുംബൈയിലെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പ്രിയങ്ക ആൽവ ക്രൈംബ്രാഞ്ചിനോട് സഹകരിച്ചിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ കൈമാറാൻ തയ്യാറായിരുന്നില്ല.

ആദിത്യ ആൽവയുടെ ബെംഗളൂരുവിലെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കർണാടക ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിത്യ ആൽവ സമർപ്പിച്ച ഹർജിയിലാണ് ക്രൈംബ്രാഞ്ച് തെളിവുകൾ ഹാജരാക്കിയത്.

റെയ്‌ഡിൽ എം.ഡി.എം.എ. ഗുളികകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ഹർജിയിലെ തുടർവാദം നവംബർ മൂന്നിലേക്ക് മാറ്റി. മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. ബെംഗളൂരുവിലെ വീട്ടിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആദിത്യ ആൽവ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തിയത്. ഇത്തരം പാർട്ടികളിൽ സിനിമാതാരങ്ങളും ഉന്നതരും പങ്കെടുത്തിരുന്നു.

നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി അടക്കം 16 പേരാണ് ലഹരിക്കേസിൽ ഇതുവരെ അറസ്റ്റിലായത്. ലഹരിപ്പാർട്ടികളുടെ മറവിൽ വൻതോതിൽ ഹവാലാ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.

Content Highlights:bengaluru drug case ccb send summons to vivek oberoi wife