ബെംഗളൂരു: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഹരിപ്പാർട്ടികളിൽ പങ്കെടുത്തിരുന്ന സിനിമാരംഗത്തെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

റെയ്‌ഡിൽ പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ് കംപ്യൂട്ടർ, ഹാർഡ്ഡിസ്ക് എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സുഹൃത്ത് രാഹുൽഷെട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്. ചോദ്യാവലി തയ്യാറാക്കിയാണ് മൊഴിയെടുക്കുന്നത്. നിർണായകവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിയാസ് മുഹമ്മദ് അടുത്ത സുഹൃത്താണെന്ന് സഞ്ജന സമ്മതിച്ചിട്ടുണ്ട്.

വീട്ടിൽ റെയ്‌ഡ് ചെയ്യാനെത്തിയപ്പോൾ ചില രാഷ്ട്രീയനേതാക്കളുടെ പേരുകൾ സഞ്ജന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് ഭീഷണിയുടെഭാഗമായാണു കാണുന്നത്. നടി രാഗിണി ദ്വിവേദി, സുഹൃത്ത് രവിശങ്കർ, നിയാസ് മുഹമ്മദ്, രാഹുൽഷെട്ടി എന്നിവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.

ഇവരുമായി ബന്ധമുണ്ടെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പല ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേസിലെ പ്രതിയായ റിയൽഎസ്റ്റേറ്റ് വ്യാപാരിയായ ആദിത്യ ആൽവയെ പിടികൂടാനായിട്ടില്ല. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവാണ് ആദിത്യ.

സിനിമ പ്രവർത്തകർക്ക് മയക്കുമരുന്ന് എത്തിച്ചത് അനിഘയെന്ന് എൻ.സി.ബി.

കന്നഡ സിനിമാപ്രവർത്തകർക്ക് മയക്കുമരുന്ന് എത്തിച്ചത് അനിഘയാണെന്നാണ് എൻ.സി.ബി.യുടെ കണ്ടെത്തൽ. വിദേശത്തുനിന്നുള്ള എം.ഡി.എം.എ. ഗുളികകൾ അടക്കമുള്ള മയക്കുമരുന്നാണ് മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും വിതരണംചെയ്തത്.

ഇവർക്ക് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ ലോം പെപ്പർ സാംബയും അനിഘയ്ക്ക് ലഹരിമരുന്ന് നൽകിയതായി മൊഴിനൽകിയിട്ടുണ്ട്.

അനിഘയെ മുഹമ്മദ് അനൂപിന് പരാജയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജിംറിൻ അഷിയെ പിടികൂടാനായിട്ടില്ല. ഇയാൾവഴി കേരളത്തിലേക്കും ലഹരി എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.

നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് സിനിമാമേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചിരുന്ന മുഹമ്മദ് അനൂപിനെ ഓഗസ്റ്റ് 21-നാണ് കല്യാൺനഗറിലെ ഹോട്ടലിൽനിന്ന് പിടികൂടിയത്. തുടർന്നാണ് റിജേഷ് രവീന്ദ്രനും അനിഘയും പിടിയിലായത്. ഇവരിൽനിന്നു മയക്കുമരുന്നും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.

വിമാനത്താവളത്തിൽ വീണ്ടും മയക്കുമരുന്നുവേട്ട

ബെംഗളൂരു (കെംപഗൗഡ) അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും മയക്കുമരുന്നുവേട്ട. ബെൽജിയത്തിൽനിന്നുള്ള പാർസലിൽനിന്ന് ഒരു കോടി രൂപ വിലവരുന്ന എം.ഡി.എം.എ. ഗുളികകളാണ് പിടികൂടിയത്.

യന്ത്രഭാഗങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്. വ്യാജ മേൽവിലാസത്തിലാണ് പാർസൽ എത്തിയത്. മെഡിക്കൽ ഉപകരണങ്ങൾ എന്നാണ് പാർസലിനുമുകളിൽ കാണിച്ചിരുന്നത്.

സംശയംതോന്നിയ കസ്റ്റംസ് അധികൃതർ പാർസൽ അഴിച്ച് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ അറിയിച്ചു. 1900 എം.ഡി.എം.എ. ഗുളികളാണ് യന്ത്രോപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലെ കാർഗോവിഭാഗത്തിലെത്തിയ നിർമാണ ഉപകരണങ്ങളിൽ ഒളിപ്പിച്ചനിലയിൽ 7. 8 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടിയത്. ഇതും വ്യാജമേൽവിലാസത്തിലുള്ളതായിരുന്നു. ഇതിനുപിന്നാലെ ഒരുകോടി രൂപ വിലവരുന്ന കൊക്കെയിൻ പിടികൂടി.

ബെംഗളൂരു മയക്കുമരുന്നുകേസിൽ പിടിയിലായവർ വിദേശത്തുനിന്നാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നതെന്ന് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ പരിശോധന കർശനമാക്കിയത്. അന്താരാഷ്ട്ര കൊറിയർവഴിയാണ് വ്യാജമേൽവിലാസത്തിൽ മയക്കുമരുന്ന് എത്തുന്നത്.

Content Highlights:bengaluru drug case actress sanjjanaa galrani interrogation