ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡ നടി സഞ്ജന ഗൽറാണിയെ മജിസ്ട്രേറ്റ് കോടതി മൂന്നുദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യൽ പൂർത്തിയായ നടി രാഗിണി ദ്വിവേദിയെയും കൂട്ടുപ്രതികളായ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് പരപ്പന അഗ്രഹാര ജയിലിലാക്കി. വീഡിയോ കോഫറൻസിങ്വഴിയാണ് ഇവരെ ഹാജരാക്കിയത്.

ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമുള്ള രാഗിണിയുടെ ആവശ്യം കോടതി തള്ളി. ആവശ്യമെങ്കിൽ ജയിലിലെ ആശുപത്രിയിൽ ചികിത്സതേടാമെന്നും മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ അനധികൃത സ്വത്തുകേസിൽ തടവ് അനുഭവിക്കുന്ന, അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്.

തുടക്കത്തിൽ സഞ്ജന ഗൽറാണി സഹകരിക്കാത്തതിനാൽ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലഹരിപ്പാർട്ടികളിൽ പങ്കെടുത്ത കൂടുതൽപ്പേരെ കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോസ്ഥർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് കസ്റ്റഡി അനുവദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി മൂന്നുദിവസമാണ് അനുവദിച്ചത്. ഇന്ദിരാനഗറിലെ വീട്ടിലെ റെയ്‌ഡിനുശേഷം സെപ്റ്റംബർ എട്ടിനാണ് സഞ്ജന ഗൽറാണി അറസ്റ്റിലായത്. രാഗിണിയെ 12 ദിവസവും സഞ്ജനയെ ഏഴുദിവസവുമാണ് ചോദ്യംചെയ്തത്. കേസിൽ ഇതുവരെ പത്തുപേരാണ് അറസ്റ്റിലായത്.

നടി രാഗിണി ദ്വിവേദി, ബിസിനസുകാരൻ പ്രശാന്ത് രംഗ, ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ, രാഹുൽ ഷെട്ടി, മലയാളി നിയാസ് മുഹമ്മദ് എന്നിവരെയാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇവരെ പരപ്പന അഗ്രഹാര ജയിലിലാക്കി. ലഹരിമരുന്നിടപാടിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.

ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷൻ കമ്പനി ഉടമ വിരൺ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരെ ബുധനാഴ്ചവരെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. ലഹരിപ്പാർട്ടി സംഘടിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് കൂടുതൽ വിവരം ശേഖരിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നടി രാഗിണി ദ്വിവേദി നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഗിണിയെ 28 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ചോദ്യംചെയ്യുന്നതിന് രാഗിണിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടില്ല. അറസ്റ്റിലായശേഷം 11 ദിവസം ഇവരെ പോലീസ് ചോദ്യംചെയ്തിരുന്നു.

രാഗിണിയെ പരപ്പന അഗ്രഹാര ജയിലിലെ വനിതാ ബ്ലോക്കിലെ സെല്ലിൽ പ്രവേശിപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് മറ്റു തടവുകാർക്ക് രാഗിണിയെ കാണാൻ അനുവാദമില്ല. രാഗിണിയുടെ കുടുംബാംഗങ്ങൾ കോടതിയിലെത്തിയിരുന്നു. ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് രാഗിണി അടക്കമുള്ള പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കി. കോവിഡ് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർ റിപ്പോർട്ടുനൽകി.

Content Highlights:bengaluru drug case actress ragini dwivedi admitted in jail sanjjanaa galrani in police custody for three days