ബെംഗളൂരു: സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്നുകേസിൽ അറസ്റ്റിലായ ലഹരിപ്പാർട്ടി നടത്തിപ്പുകാരനും നിർമാതാവുമായ വിരൺ ഖന്നയെ നുണപരിശോധനയ്ക്ക് വിധേയനാക്കും. ചോദ്യംചെയ്യലിനോട് സഹകരിക്കാത്തതിനാലാണ് നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സെൻട്രൽ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വിവരങ്ങൾ പൂർണമായി ശേഖരിക്കാനായിട്ടില്ല. തുടർന്നാണ് നുണപരിശോധനയ്ക്കുള്ള അനുമതി പ്രത്യേക കോടതിയിൽനിന്ന് തേടിയത്.

ഗുജറാത്തിലെ ഫൊറൻസിക് ലബോറട്ടറിയിലാണ് നുണപരിശോധന നടത്തുന്നതെന്നും ഇതിനുള്ള നടപടി ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിയിലെ വീട്ടിൽവെച്ച് സെപ്റ്റംബർ രണ്ടാംവാരത്തിലാണ് വിരൺ ഖന്നയെ അറസ്റ്റുചെയ്തത്. ലഹരിമരുന്നുവിതരണത്തിന്റെ മറവിൽ വൻതോതിൽ ഹവാല പണമിടപാട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിരൺ ഖന്നയെ ചോദ്യംചെയ്തിരുന്നു. പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ് കംപ്യൂട്ടർ എന്നിവയുടെ പാസ്വേർഡ് നൽകാൻ വിരൺ ഖന്ന തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമായി ബെംഗളൂരുവിലും പുറത്തുംനടന്ന ലഹരിപ്പാർട്ടികളുടെ സംഘാടകൻ വിരൺ ഖന്നയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ മൊബൈൽ ഫോണിലെ വിവരങ്ങൾ ലഭിക്കണം. ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.

അതിനിടെ, ലഹരിക്കേസിൽ അറസ്റ്റിലായ കന്നഡ നടിമരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ മുടി വീണ്ടും പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. നേരത്തെ അയച്ച മുടി സാങ്കേതികപ്രശ്നങ്ങളാൽ തിരിച്ചയച്ചിരുന്നു. ലഹരിയുപയോഗിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിനായാണ് മുടി പരിശോധിക്കുന്നത്. രക്തപരിശോധനയ്ക്കുപുറമേയാണ് മുടിയും പരിശോധിക്കുന്നത്. പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമാണ് രാഗിണിയും സഞ്ജനയും മൊഴിനൽകിയത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നൊന്നും പിടികൂടിയിട്ടില്ല. ഫോൺരേഖകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതിനാൽ, ശാസ്ത്രീയതെളിവുകൾ ഹാജരാക്കുന്നതിന്റെ ഭാഗമായാണ് മുടി പരിശോധിക്കുന്നത്.

ലഹരിക്കേസിൽ ഇതുവരെ 20-ഓളംപേരെ ചോദ്യംചെയ്തു. അറസ്റ്റിലായവരുടെ മൊഴിയിൽനിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമ, രാഷ്ട്രീയ ബന്ധമുള്ളവരെ ചോദ്യംചെയ്യുന്നത്. കേസിലെ പ്രധാനപ്രതിയും മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവയെ ഇതുവരെ അറസ്റ്റുചെയ്യാനായിട്ടില്ല. ഇയാൾക്കെതിരേ തിരച്ചിൽ നോട്ടീസ് ഇറക്കി ഒരാഴ്ചകഴിഞ്ഞിട്ടും വിവരങ്ങൾ ലഭിച്ചിട്ടില്ല. സിനിമാതാരങ്ങളെ ഉൾപ്പെടുത്തി ലഹരിപ്പാർട്ടികൾ നടത്തിയതിൽ ആദിത്യ ആൽവയ്ക്ക് പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്ന് ആഫ്രിക്കക്കാർ ഉൾപ്പെടെ 15 പേരാണ് അറസ്റ്റിലായത്.

Content Highlights:bengaluru drug case