ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ഹവാല പണമിടപാടിനെക്കുറിച്ചും തീവ്രവാദ ബന്ധത്തെക്കുറിച്ചും കര്‍ണാടക അഭ്യന്തര സുരക്ഷാവിഭാഗം അന്വേഷിക്കുന്നു. ലഹരിമരുന്ന് മാഫിയകള്‍ക്ക് ഹവാല പണമിടപാടുകാരുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ണാടക പോലീസിന്റെ കീഴിലുള്ള അഭ്യന്തര സുരക്ഷാവിഭാഗം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി 67 പേരെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി മാഫിയകള്‍ക്കുള്ള ഉന്നത ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് രാജ്യാന്തര കൊറിയര്‍ വഴി ലഹരിമരുന്നെത്തിച്ചതില്‍ ഹവാല ഇടപാടുകാര്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ലഹരിമരുന്നുകേസില്‍ ഇപ്പോള്‍ നടക്കുന്നതില്‍നിന്നും വ്യത്യസ്തമാണ് അഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ അന്വേഷണമെന്ന് സുരക്ഷാവിഭാഗം എ.ഡി.ജി.പി. ഭാസ്‌കര്‍ റാവു പറഞ്ഞു. സ്വര്‍ണക്കടത്തിലൂടെയും ലഹരിമരുന്ന് വില്‍പ്പനയിലൂടെയും ലഭിക്കുന്ന പണം രാജ്യത്തെ തീവ്രവാദ സംഘങ്ങള്‍ക്ക് ലഭിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിവരങ്ങള്‍ നേടിയിരുന്നു. ബെംഗളൂരുവിലെ ലഹരിമരുന്നുകേസില്‍ അറസ്റ്റിലായവരുടെ സാമ്പത്തിക സ്രോതസ്സുകളും ഇവരുടെ മറ്റ് ബന്ധങ്ങളും അഭ്യന്തര സുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്. ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് ലഹരി മാഫിയകളുടെ അന്തസ്സംസ്ഥാന ബന്ധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ലഹരിമരുന്ന് മാഫിയകള്‍ക്ക് ഹവാല- തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ഇക്കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സികളെ അറിയിക്കും. ലഹരിമരുന്ന് കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യവും ശക്തമാണ്.
കൂടുതല്‍ പേരില്‍നിന്ന് മൊഴിയെടുക്കും; ദിഗന്തിനെ വീണ്ടും ചോദ്യംചെയ്തു
ബെംഗളൂരു: സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യും. ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്ത സിനിമാതാരങ്ങളെയും രാഷ്ട്രീയ നേതാക്കളുടെ മക്കളെയും ചോദ്യം ചെയ്യും. ലഹരിപ്പാര്‍ട്ടി നടത്തിപ്പുകാരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമിത്. അതിനിടെ, നടന്‍ ദിഗന്തിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്തു. കഴിഞ്ഞദിവസം ദിഗന്തിനെയും ഭാര്യയും നടിയുമായ അയിന്ദ്രതയെയും ചോദ്യം ചെയ്തിരുന്നു. ദിഗന്തിന്റെ മൊഴിയില്‍ ചില വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും വിളിച്ചുവരുത്തിയത്. താരദമ്പതിമാരുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളില്‍ ദിഗന്തില്‍നിന്ന് വിശദീകരണം തേടി. ലഹരിമരുന്ന് കേസില്‍ നടിമരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം 14 പേരെയാണ് ചോദ്യം ചെയ്തത്.
അതിനിടെ, അന്വേഷണത്തില്‍ ഉന്നതരെ ഒഴിവാക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ചെറിയ താരങ്ങളില്‍ ഒതുങ്ങാതെ ലഹരി മരുന്ന് മാഫിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെക്കുറിച്ചാണ് അന്വേഷണം വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഡാന്‍സ് ബാറുകളില്‍ നിക്ഷേപമുള്ളവര്‍, മുതിര്‍ന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: bengaluru drug case