ബെംഗളൂരു: സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്നുകേസില്‍ കൂടുതല്‍പ്പേരെ ചോദ്യംചെയ്യും. അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 50-ഓളംപേരെ ചോദ്യം ചെയ്യാനാണ് തീരുമാനം. തെളിവുണ്ടെങ്കില്‍ ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ, ഒളിവില്‍പ്പോയ മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വ, ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ ശിവപ്രകാശ് എന്നിവര്‍ക്കെതിരേ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. കേസെടുത്ത് 15 ദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ബന്ധുവാണ് ആദിത്യ ആല്‍വ.

ഹെബ്ബാളിലെ തടാകത്തിന് സമീപത്തെ നാല് ഏക്കര്‍ സ്ഥലത്തെ ഹൗസ് ഓഫ് ലൈഫ് എന്ന ആഢംബര ബംഗ്ലാവിലാണ് ലഹരിപ്പാര്‍ട്ടികള്‍ നടത്തിയിരുന്നത്. രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയിലെ അംഗമായ ജീവരാജ് ആല്‍വ സംസ്ഥാനത്തെ സ്വാധീനമുള്ള രാഷ്ട്രീയനേതാവായിരുന്നു. ആദിത്യ ആല്‍വയുടെ സഹോദരിയെയാണ് വിവേക് ഒബ്റോയ് വിവാഹം കഴിച്ചത്. ആദിത്യ ആല്‍വയുടെ ബെംഗളൂരുവിലെ ബംഗ്ലാവില്‍ സിനിമാതാരങ്ങള്‍ക്കായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. കേസിലെ ആറാംപ്രതിയാണ് ആദിത്യ ആല്‍വ. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയാണ്. കേസിലെ ഒന്നാം പ്രതിയാണ് ബസിനസുകാരനായ ശിവപ്രകാശ്. സിനിമാതാരങ്ങളും സമൂഹത്തിലെ ഉന്നതരും പങ്കെടുത്ത ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചതും ലഹരി മാഫിയകളില്‍നിന്ന് മയക്കുമരുന്നെത്തിച്ചതും ശിവപ്രകാശാണ്. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തുക്കൂടിയാണ് ഇയാള്‍.

ഡാന്‍സറുടെ പെണ്‍സുഹൃത്ത് പിടിയില്‍ 

മംഗളൂരു: മംഗളൂരുവില്‍ ലഹരിമരുന്നുമായി പിടിയിലായ സിനിമാ നടനും ഡാന്‍സറുമായ മംഗളൂരു കുലായ് സ്വദേശി കിഷോര്‍ അമന്‍ ഷെട്ടിയുടെ പെണ്‍സുഹൃത്തായ യുവതി പിടിയില്‍. മണിപ്പൂര്‍ സ്വദേശിനി അസ്‌കയാണ് പിടിയിലായത്. മംഗളൂരുവില്‍ ജോലിചെയ്യുന്ന സ്പായില്‍വെച്ചാണ് ഇവരെ അറസ്റ്റുചെയ്തത്. അസ്‌കയുടെ ചില സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്.

കിഷോര്‍ ഷെട്ടിയെയും സുഹൃത്ത് സുറത്കലിലെ അഖ്വീല്‍ നൗഷീലി(28)നെയും കഴിഞ്ഞ ശനിയാഴ്ചയാണ് മംഗളൂരുവില്‍ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ.യുമായി അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിനു പിന്നാലെയാണ് അസ്‌ക അറസ്റ്റിലായത്.

സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും രാജ്യത്തെ മികച്ച എട്ടു ഡാന്‍സര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളാണ് കിഷോര്‍ ഷെട്ടി. എ.ബി.സി.ഡി. (എനിബഡി കാന്‍ ഡാന്‍സ്) എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.

മുംബൈയില്‍നിന്ന് ലഹരിമരുന്ന് എത്തിച്ച് മംഗളൂരുവില്‍ വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് മംഗളൂരു പോലീസ് കമ്മിഷണര്‍ വികാസ് കുമാര്‍ വികാസ് അറിയിച്ചു.

Content Highlights: bengaluru drug case