ബെംഗളൂരു: ലഹരിമരുന്നുകേസില്‍ ഉള്‍പ്പെട്ട കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. കൂട്ടുപ്രതികളായ വിരണ്‍ ഖന്ന, പ്രതീക് ഷെട്ടി, രാഹുല്‍ ഷെട്ടി, പ്രശാന്ത് രംഗ, വൈഭവ് ജെയിന്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡിയും 30 വരെ നീട്ടി. ഇവര്‍ പരപ്പന അഗ്രഹാര ജയിലിലാണ്. കേസില്‍ ഇതുവരെ 13 പേരെയാണ് അറസ്റ്റുചെയ്തത്.

ലഹരിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍പ്പേരെ അറസ്റ്റുചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വരുംദിവസങ്ങളില്‍ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ ചോദ്യംചെയ്യാന്‍ വിളിക്കും. അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമയ്ക്കുപുറത്തുള്ള പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ലഹരിമാഫിയകള്‍ക്ക് സാമ്പത്തികസഹായം നല്‍കിയവരില്‍ ബിസിനസുകാരും രാഷ്ട്രീയനേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്നാണ് വിവരം.

അതിനിടെ, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. ആര്‍.വി. ദേവരാജിന്റെ മകന്‍ ആര്‍.വി. യുവരാജ്, അവതാരകന്‍ അകുല്‍ ബാലാജി, നടന്‍ ആര്യന്‍ സന്തോഷ് എന്നിവര്‍ ക്രൈംബ്രാഞ്ചിനുമുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. നടന്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ദേവനഹള്ളിയിലെ വില്ലയില്‍ ലഹരിപ്പാര്‍ട്ടി നടന്നതായ വിവരത്തെത്തുടര്‍ന്നാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍, ലഹരിമരുന്നുവിതരണവുമായി ബന്ധമില്ലെന്നും വില്ലയുടെ നടത്തിപ്പ് വൈഭവ് ജെയിനിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും സന്തോഷ് മൊഴിനല്‍കി. എന്നാല്‍, ഒരുവര്‍ഷംമുമ്പ് ചുമതലകളില്‍നിന്ന് വൈഭവ് ജെയിനിനെ ഒഴിവാക്കിയെന്നും സന്തോഷ് പറഞ്ഞു.

അകുല്‍ ബാലാജിയെയും യുവരാജിനെയും നാലുമണിക്കൂറോളം ചോദ്യംചെയ്തു. കേസില്‍ അറസ്റ്റിലായ വൈഭവ് ജെയിന്‍, വിരണ്‍ ഖന്ന എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇവരോട് ചോദിച്ചത്. കേസില്‍ പിടികൂടാനുള്ള, മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ആദിത്യ ആല്‍വയെ പിടികൂടുന്നതോടെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധമുള്ള കൂടുതല്‍പ്പേരുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വിദേശത്തുനിന്ന് ലഹരിമരുന്നെത്തിച്ച ആഫ്രിക്കക്കാരായ ലോം പെപ്പര്‍ സാംബ, ബെനാള്‍ഡ് ഉഡന്ന എന്നിവരുടെ മൊബൈല്‍ ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. സിനിമാതാരങ്ങള്‍ക്കും ലഹരിപ്പാര്‍ട്ടികള്‍ക്കും മയക്കുമരുന്നെത്തിച്ചുവെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

ജാമ്യാപേക്ഷ 21-ലേക്ക് മാറ്റി, കിഷോറിനെക്കുറിച്ചും അന്വേഷണം 

ബെംഗളൂരു: ലഹരിമരുന്നുകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുടെ ജാമ്യാപേക്ഷ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി 21-ലേക്ക് മാറ്റി. ജാമ്യത്തെ എതിര്‍ത്തുള്ള വാദങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ലഹരിയിടപാടുകളില്‍ രാഗിണിക്കും സഞ്ജനക്കും പങ്കുണ്ടെന്നും കൂടുതല്‍പ്പേരെ അറസ്റ്റുചെയ്യാനുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കൂടുതല്‍പ്പേരെ ചോദ്യംചെയ്യാനുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും കോടതിയെ അറിയിച്ചു.

മയക്കുമരുന്നുമായി മംഗളൂരുവില്‍ അറസ്റ്റിലായ നടനും നൃത്തസംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടി ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടോയെന്നത് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കുടക്, മഡിക്കേരി, മംഗളൂരു എന്നിവിടങ്ങളിലും ലഹരിപ്പാര്‍ട്ടികള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ടി.വി. ചാനലിലെ നൃത്ത റിയാലിറ്റിഷോയിലെ വിജയികൂടിയാണ് കിഷോര്‍.

Content Highlights: bengaluru drug case