ബെംഗളൂരു: കോളേജ് വിദ്യാർഥികളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരുവിൽ ടെക്കികളായ അജയ് തനികാചലം(27) വികാസ് രഗോഥം(27) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ സൈബർ വിങ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവിലെ കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും സാമൂഹികമാധ്യമങ്ങളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തായിരുന്നു അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർഥികളും കോളേജ് അധികൃതരും പോലീസിൽ പരാതി നൽകുകയായിരുന്നു.

മുപ്പതിലേറെ വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥി കൂട്ടായ്മകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

Content Highlights:bengaluru college students photos in porn website two arrested