ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ചിട്ടിക്കമ്പനിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. മഡിവാള മാരുതിനഗറില്‍ മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രേസ്വേ ചിട്ടിക്കമ്പനിക്കെതിരേയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറോളം പേര്‍ മഡിവാള പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മാര്‍ച്ച് പകുതിയോടെ ഓഫീസ് പൂട്ടി ചിട്ടി ഉടമകള്‍ മുങ്ങിയതായി പരാതിയില്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. രണ്ടു കോടിയോളം രൂപയാണ് നിക്ഷേപകരില്‍നിന്ന് സ്വീകരിച്ചത്.

മാര്‍ച്ച് പകുതിയോടെ പണം തിരികെ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഉടമകളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പണം നിക്ഷേപിച്ചവര്‍ പറഞ്ഞു. മക്കളുടെ പഠനത്തിനായും ബിസിനസ് ആവശ്യങ്ങള്‍ക്കായും ലക്ഷങ്ങള്‍ നിക്ഷേപിച്ച മലയാളികളാണ് കബളിപ്പിക്കപ്പെട്ടത്. ചെറുകിട കച്ചവടക്കാരാണ് കബളിക്കപ്പെട്ടവരില്‍ അധികവും. ചിട്ടിക്കമ്പനി ഉടമകളായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷിജന്‍, കന്യാകുമാരി സ്വദേശി ജോമോന്‍, ബെംഗളൂരു മലയാളിയായ രഞ്ജിത് എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്.