കൊൽക്കത്ത: ബംഗാളിൽ 15 വയസ്സുകാരി മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ മുറിവോ ലൈംഗികാതിക്രമം നടന്നതിന്റെ സൂചനകളോ ഇല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം, രാസപരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചുണ്ട്.

കഴിഞ്ഞദിവസമാണ് സോനാപുർ ഗ്രാമത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഒരു മരച്ചുവട്ടിൽ മൃതദേഹം കണ്ടത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

പെൺകുട്ടി കൊല്ലപ്പെട്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ അക്രമാസക്തരായി. നോർത്ത് ദിനാജ്പുർ ജില്ലയിലും പരിസരപ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. ദേശീയപാതയിൽ സർക്കാർ ബസുകളടക്കം ഒട്ടേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. സംഭവത്തിൽ ബിജെപി, ആർഎസ്എസ്, പ്രവർത്തകരും ഇടത് യുവജനസംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. കഴിഞ്ഞദിവസത്തെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

Content Highlights:bengal teen girl died due to poisoning no injuries in body