ചെറുകുന്ന്(കണ്ണൂര്‍): ജോലിക്കിടയില്‍ റെയില്‍വേ ജീവനക്കാരിയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മറുനാടന്‍ തൊഴിലാളിയും ചെറുകുന്നിലെ അല്‍ഫ ഹോട്ടല്‍ ജീവനക്കാരനുമായ ശംഭുനാഥ് ജാന (ബാബു-31) ആണ് പിടിയിലായത്. പശ്ചിമബംഗാളിലെ നെയ്ശാംപുര്‍ ഡെപല്‍ മെഡിപുര്‍ സ്വദേശിയാണ്.

ചെറുകുന്ന് കോണ്‍വെന്റ് റോഡ് എല്‍.സി. നമ്പര്‍. 253 റെയില്‍വേ ഗേറ്റിലെ പോയിന്റ്‌സ്മാന്‍ പി. മേനകയെ (37) ആണ് ജോലിക്കിടെ ഭീഷണിപ്പെടുത്തിയത്. 26-ന് അര്‍ധരാത്രിയായിരുന്നു സംഭവം.

പ്രതിയില്‍നിന്ന് രക്ഷപ്പെടാന്‍ മേനക പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു. മേനകയുടെ പരാതി പ്രകാരമാണ് കണ്ണപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. അസി. പോലീസ് കമ്മിഷണര്‍ പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. വി. വിനീഷ്. അഡീഷണല്‍ എസ്.ഐ. ബി.ജി. നാരായണന്‍, എ.എസ്.ഐ. റഷീദ്, സീനിയര്‍ സി.പി.ഒ. സുഖേഷ്, സി.പി.ഒ. ജിജോ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.