ബെംഗളൂരു: ഭക്ഷണമെത്തിക്കാൻ വൈകിയത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് സൊമാറ്റോയുടെ ഭക്ഷണവിതരണക്കാരൻ മർദിച്ചെന്ന് ആരോപണമുന്നയിച്ച മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനിക്കെതിരേ ഇലക്ട്രോണിക്സിറ്റി പോലീസ് കേസെടുത്തു. മർദിച്ചതായി യുവതി വ്യാജ പരാതിയാണ് നൽകിയതെന്നും ഭയപ്പെടുത്തിയതിനും കൈയേറ്റത്തിനും യുവതിക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ഡെലിവറി ബോയ് കാമരാജ് നൽകിയ പരാതിയിലാണ് നടപടി. ഹിതേഷ ചെരുപ്പുകൊണ്ട് അടിച്ചെന്നും താൻ മർദിച്ചെന്ന് വ്യാജ ആരോപണമുന്നയിച്ചെന്നും കാമരാജ് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഓർഡർചെയ്ത ഭക്ഷണം വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭക്ഷണവിതരണക്കാരൻ മൂക്കിന് മർദിച്ചെന്നും മുറിയിൽ അതിക്രമിച്ചുകയറിയെന്നുമായിരുന്നു ഹിതേഷ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

എന്നാൽ, യുവതിയെ ഉപദ്രവിച്ചിട്ടില്ലെന്നും ഇവർ ചെരിപ്പുപയോഗിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കൈകൾകൊണ്ട് തടയുകയായിരുന്നുവെന്നും കാമരാജ് പറഞ്ഞിരുന്നു. കാമരാജിനെതിരേ യുവതി വൈറ്റ്ഫീൽഡ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlights:begaluru zomato delivery boy and model woman case