പറവൂര്‍: മദ്യം വാങ്ങാനെന്ന വ്യാജേന ബാറിന്റെ അകത്തുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരനെ വെട്ടിയ കേസില്‍ അഞ്ചംഗ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ തായങ്കരി കുന്നത്തേരി അലന്‍ (24), കൈതാരം തേനത്തില്‍ പടിഞ്ഞാറ് പ്രബിന്‍ (20), കൈതാരം നടുമുറിപ്പറമ്പില്‍ രാഹുല്‍ (20) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.

തെക്കേ നാലുവഴിയിലെ വൈറ്റ് സിറ്റി ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

മുഖംമറച്ചാണ് സംഘം അകത്തുകയറിയത്. ലോക്കല്‍ മദ്യം വില്‍ക്കുന്ന കൗണ്ടറിന്റെ വാതിലിലൂടെ അകത്തുകടക്കുകയായിരുന്നു. ബാര്‍ ജീവനക്കാരന്‍ ഇടുക്കി സ്വദേശി ബിനോയിയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈയുടെ ചലനശേഷി പൂര്‍ണമായി തിരിച്ചുകിട്ടിയിട്ടില്ല.

നേരത്തെ ബാറില്‍ മദ്യപിക്കാനെത്തിയ സംഘവും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐ.മാരായ പ്രശാന്ത് പി. നായര്‍, അരുണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നാലു പേരെയും ബാറില്‍ലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.