പരിയാരം(കണ്ണൂർ): നിരോധിത കറൻസികൾ മാറ്റിക്കൊടുക്കാമെന്നും അതിലൂടെ ലക്ഷങ്ങൾ കമ്മീഷൻ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് അന്തസ്സംസ്ഥാനസംഘം നടത്തുന്നത് വൻ തട്ടിപ്പ്. ഇരിങ്ങലിൽ ഇതരസംസ്ഥാനസംഘത്തെ തടവിലാക്കി മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. തട്ടിപ്പിനിരയായി 13.6 ലക്ഷം രൂപ നഷ്ടപ്പെട്ട മയ്യിൽ ബൊമ്മണാച്ചേരിയിലെ അബ്ദുൾ സത്താർ ഇക്കാര്യം പോലീസിനെ അറിയിച്ചതാണ് തട്ടിപ്പിന്റെ ചുരുളഴിക്കാൻ പോലീസിനെ സഹായിച്ചത്.

നാട്ടുകാരനും സുഹൃത്തും കരാറുകാരനും ഡി.വൈ.എഫ്.ഐ. ചെറുപഴശ്ശി മേഖലാ പ്രസിഡന്റും സി.പി.എം. ഒറവയൽ ബ്രാഞ്ചംഗവുമായ മയ്യിൽ കടൂർ ഒറവയലിലെ സി.പി. സിദ്ദിഖ് (33) ആണ് ക്വാറി നടത്തിപ്പുകാരനായ അബ്ദുൾ സത്താറിനെ നിരോധിത കറൻസി കൈമാറ്റസംഘവുമായി ബന്ധപ്പെടുത്തിയത്. രാജസ്ഥാനിലെ അജ്മീറിൽ ഗുരുജി എന്നയാൾ നിരോധിതനോട്ടുകൾ വാങ്ങുമെന്നും ഇതിന്റെ ഇടനിലക്കാരായ ഇതരസംസ്ഥാനസംഘത്തെ പരിചയമുണ്ടെന്നുമാണ് വിശ്വസിപ്പിച്ചത്. നിരോധിത നോട്ട് കൈവശമുള്ളവരെ കണ്ടെത്തിയാൽ വൻതുക കമ്മീഷൻ ലഭിക്കുമെന്നതിനാൽ സത്താറിന് ഇത്തരക്കാരെ പരിചയപ്പെടുത്തിക്കൊടുക്കാൻ താത്‌പര്യമായി.

സിദ്ദിഖ്, സത്താറിനെ കൂട്ടി ഇത്തരം പണമുള്ളയാളെന്ന വ്യാജേന തട്ടിപ്പുസംഘത്തിൽപ്പെട്ട അമീറിനെ പരിചയപ്പെടുത്തി. ഗുരുജിയെ അറിയിച്ച് പണം കൈമാറ്റം ചെയ്യാൻ ധാരണയാക്കി. എന്നാൽ ഇടപാടിൽ പോക്കുവരവ് ചെലവ് ഉൾപ്പെടെ 10 ലക്ഷം രൂപ ആദ്യം ഗുരുജിക്ക് നൽകിയാലേ കാര്യം നടക്കൂ എന്ന് പറഞ്ഞപ്പോൾ അത് സത്താർ നൽകി. ഈ കണ്ണിയിലെ സമീർ എന്ന ഇബ്രാഹിമാണ് പണം വാങ്ങിയത്. കച്ചവടം രഹസ്യമായിരിക്കണമെന്നും നടന്നില്ലെങ്കിൽ ശുരുജിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമെന്നും ഇവർ ധരിപ്പിച്ചു.

അമീറിന്റെ കൈവശം ഒരുകോടിയുടെ നിരോധിത കറൻസി ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. വൻതുക കമ്മീഷൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പദ്ധതി നടക്കുന്നില്ലെന്ന് വൈകാതെ സത്താറിന് മനസ്സിലായി. ഇതോടെ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. പുതിയൊരു പണക്കൈമാറ്റത്തിന് 3.6 ലക്ഷം രൂപ നൽകിയാൽ പഴയ പണമടക്കം തിരിച്ചുപിടിക്കാമെന്ന ഉറപ്പിൽ പണവുമായി ഏജന്റുമാർ സത്താറിനെയും കൂട്ടി അമീറിനെ സമീപിച്ചു. ആദ്യം നൽകിയ 10 ലക്ഷം രൂപ അമീർ കൈക്കലാക്കിയിരുന്നെങ്കിലും അതിൽ 3.6 ലക്ഷം രൂപ ഇതരസംസ്ഥാനക്കാരായ ഏജന്റുമാർക്ക് കൈമാറിയിരുന്നു.

ഇത് തിരിച്ചുപിടിക്കാനാണ് അമീറും സംഘവും ഇവരെ വിളിച്ചുവരുത്തി തടവിലാക്കി കൊള്ളയടിച്ചത്. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ പുറത്തറിഞ്ഞ് പോലീസിന്റെ പിടിയിലായി. ഉത്തരേന്ത്യൻസംഘത്തിന്റെ നിരോധിത നോട്ട് കൈമാറ്റമെന്ന തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ടവരാണ് പിന്നീട് ഇവരുടെ ഏജന്റുമാരായി മാറിയത്. ഇതിൽ പലരും നിരവധി കേസുകളിൽ ഉൾപ്പെട്ടവരും വ്യാജപ്പേരിൽ അറിയപ്പെടുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാർ, പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബു, എസ്.ഐ. പി.സി. സഞ്ജയകുമാർ, എ.എസ്.ഐ. തമ്പാൻ, സീനിയർ സി.പി.ഒ. പ്രസന്നൻ, ഡിവൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ ടി.കെ. ഗിരീഷ്, സുരേഷ് കക്കറ എന്നിവരടങ്ങുന്ന പ്രത്യക സംഘമാണ് കേസന്വേഷിക്കുന്നത്.

പ്രതികൾ റിമാൻഡിൽ

നിരോധിത കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. ഭീമനടിയിലെ പറമ്പത്ത് അമീർ (33), മയ്യിൽ കടൂരിലെ സി.പി.സിദ്ദിഖ് (33), ഗുജറാത്ത് കല്യാണിലെ അശ്വിൻ (29), മുംബൈ കൊളാബയിലെ ഡോ. ഓംരാജ് റാത്തോഡ് (42), കല്യാണിലെ സമാധാൻ (34) എന്നിവരാണ് റിമാൻഡിലായത്.

സിദ്ദിഖിനെ സി.പി.എം. പുറത്താക്കി

മയ്യിൽ: നിരോധിത കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിലായ സി.പി. സിദ്ദിഖിനെ സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കി. ഡി.വൈ.എഫ്.ഐ.യിൽനിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്. കണ്ണൂർ മാർക്കറ്റിലെ ഒരു വ്യാപാരിയാണ് കള്ളനോട്ട് സംഘത്തിലെ അംഗമായ കല്യാൺസ്വദേശി സമാധാന് തന്നെ പരിചയപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. സംഘത്തലവനെന്ന് കരുതുന്ന ഗുരുജിയെന്നയാൾക്ക് കണ്ണൂരിൽ താമസസൗകര്യമൊരുക്കിയതും സിദ്ധിഖാണെന്ന് പോലീസ് പറഞ്ഞു.

Content Highlights:banned currency fraud in kannur