കൊട്ടിയം : ഇല്ലാത്ത കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജരേഖ ചമച്ച് വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നാലുപേരുടെ പേരിൽ കൊട്ടിയം പോലീസ് കേസെടുത്തു. പൊതുമേഖല ബാങ്കിന്റെ കൊട്ടിയം ശാഖാ മുൻ മാനേജരുടെയും നൂറുന്നിസ, ഹസീന, മിനി എന്നിവരുടെയും പേരിലാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. എടുക്കാത്ത വായ്പയുടെ പേരിൽ 3.5 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ് ലഭിച്ച കാവനാട് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്.

പ്രവർത്തനമില്ലാത്ത നിർഭയ എന്ന കുടുംബശ്രീയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. നൂറുന്നിസ അയൽവാസികളായ വനിതകളിൽ നിന്ന്‌ കുടുംബശ്രീയിൽ ചേർക്കാനെന്ന പേരിൽ ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും ഫോട്ടോയും വാങ്ങിയിരുന്നു. ഇവ ബാങ്കിൽ ഹാജരാക്കി മാനേജരുടെ സഹായത്തോടെ ഒൻപതു ലക്ഷം രൂപ വായ്പ എടുത്തതായി പോലീസ് പറഞ്ഞു.

ഈ തുക നൂറുന്നിസയും മറ്റു രണ്ടുപേരും വീതിച്ചെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ബാക്കിയുള്ള തുക മുതലും പലിശയും ചേർത്ത് 3.5 ലക്ഷം രൂപ ഏഴു ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് കാട്ടി ബാങ്ക്‌ അധികൃതർ അംഗങ്ങൾക്ക് ജപ്തി നോട്ടീസയച്ചു. നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പിനിരയായെന്ന് വീട്ടമ്മ ഉൾപ്പെടെയുള്ളവർക്ക്‌ മനസ്സിലായത്. തുടർന്ന് കൊട്ടിയം പോലീസ്, കൊല്ലം കോർപ്പറേഷൻ കുടുംബശ്രീ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

Content Highlights: bank fraud