കണ്ണൂർ: ജില്ലാ സഹകരണ ബാങ്കിനെ കബളിപ്പിച്ച് 35 ലക്ഷം രൂപ വായ്പയെടുത്ത സംഭവത്തിൽ അണിയേരി പ്രേമരാജന്റെ പേരിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വായ്പയുമായി ബന്ധപ്പെട്ട രേഖകൾ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രേമരാജൻ ജില്ലയിലെ മറ്റേതെങ്കിലും സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുണ്ടോ എന്ന് സഹകരണ വകുപ്പ് അന്വേഷിക്കുന്നുണ്ട്. കളക്ടർ മിർ മുഹമ്മദലിയാണ് ഇതുസംബന്ധിച്ച് പോലീസിന് നിർദേശം നൽകിയത്.
കൂടാളി കാവുംതാഴയിലെ വെങ്കണപ്പറമ്പിൽ 30 സെന്റ് സ്ഥലത്തിന്റെ ഉടമയായ പ്രേമരാജൻ അത് ഒന്നരയേക്കറായി പെരുപ്പിച്ച് വ്യാജ രേഖയുണ്ടാക്കിയാണ് ജില്ലാ ബാങ്കിന്റെ പുതിയതെരു ശാഖയിൽനിന്ന് വായ്പ സംഘടിപ്പിച്ചത്. 2010 ജൂലായിൽ ഗംഗാധരൻ എന്നയാളിൽ നിന്ന് വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിന്റെ പേജുകൾ മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
സ്ഥല വിസ്തീർണം 0.1214 ഹെക്ടറിനുപകരം 0.6307 ഹെക്ടറാക്കി കാണിച്ചു. അതനുസരിച്ച് സൈറ്റ് പ്ലാൻ മാറ്റി വരച്ചു. യഥാർഥ ആധാരത്തിലെയും വ്യാജ ആധാരത്തിലെയും കൈയക്ഷരവും കൈയൊപ്പും ഏറെക്കുറെ സമാനമാണ്. തുടർന്ന് ഈ വ്യാജ ആധാരത്തിനനുസൃതമായ വ്യാജ കൈവശാവകാശ സർട്ടിഫിക്കറ്റ്, വ്യാജ ലൊക്കേഷൻ സർട്ടിഫിക്കറ്റ്, വ്യാജ കുടിക്കടം സർട്ടിഫിക്കറ്റ്, നികുതിശീട്ട് എന്നിവയുണ്ടാക്കി.
അഞ്ചരക്കണ്ടിയിലെ ഒരാൾക്ക് വായ്പാ ആവശ്യത്തിന് കണ്ണൂർ വില്ലേജ് ഓഫീസർ നൽകിയ കൈവശാവകാശ സർട്ടിഫിക്കറ്റിന്റെയും ലൊക്കേഷൻ സർട്ടിഫിക്കറ്റിന്റെയും രേഖകൾ ഓൺലൈനായി തിരുത്തിയാണ് ഈ രേഖകളുണ്ടാക്കിയത്.
ജില്ലാ സഹകരണ ബാങ്കിന്റെ പുതിയതെരു ശാഖയിൽ 2014 നവംബർ 12-നാണ് വായ്പാ അപേക്ഷ നൽകിയത്. 2014 ജൂൺ 18-ന് കൂടാളി വില്ലേജ് ഓഫീസിൽ 0.6307 ഹെക്ടറിന്റെ നികുതിയായി 122 രൂപ അടച്ചതിന്റെ രശീതിയാണ് അപേക്ഷയ്ക്കൊപ്പം നൽകിയത്. വാസ്തവത്തിൽ അതേദിവസം 0.1214 ഹെക്ടറിന്റെ നികുതിയായി 150 രൂപയാണ് പ്രേമരാജൻ അടച്ചിരുന്നത്. ആ നികുതിശീട്ടിന്റെ നമ്പറും ബുക്ക് നമ്പറും തന്നെയാണ് വ്യാജ നികുതിശീട്ടിലും ഉള്ളത്.
ബാങ്കിന്റെ ബ്രാഞ്ച് മാനേജർ സ്ഥലപരിശോധന നടത്തിയെങ്കിലും അപേക്ഷകന്റെ തട്ടിപ്പ് മനസ്സിലായില്ലെന്നാണ് പറയുന്നത്. ജില്ലാ സഹകരണ ബാങ്കിന്റെ വക്കീൽ രേഖകൾ പരിശോധിച്ച് ശുപാർശ ചെയ്തതനുസരിച്ച് ബാങ്ക് ഭരണസമിതി യോഗം വായ്പ അനുവദിക്കുകയും ചെയ്തു. 70 ലക്ഷം രൂപയുടെ മൂല്യം കണക്കാക്കിയതിനാൽ 35 ലക്ഷം രൂപ വായ്പ നൽകി.
അഞ്ചു വർഷം കഴിഞ്ഞിട്ടും വായ്പയിൽ ഒരു രൂപ പോലും തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സർഫാസി നിയമപ്രകാരം പണയ ഭൂമി ജില്ലാ സഹകരണ ബാങ്കിന്റെ പേരിൽ നിക്ഷിപ്തമാക്കുന്നതിന് ശ്രമം തുടങ്ങിയപ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്. ഇതിന്റെ ഭാഗമായി സ്ഥലത്തിന്റെ നികുതിയടയ്ക്കാൻ വില്ലേജ് ഓഫീസിൽ പോയപ്പോഴാണറിയുന്നത് തണ്ടപ്പേരിൽ നിന്ന് വ്യത്യസ്തമാണ് രേഖയെന്നും വ്യാജരേഖയാണ് ബാങ്കിന്റെ കൈയിലുള്ളതെന്നും. പിന്നീട് ബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ചുരുളഴിയാൻ തുടങ്ങിയത്.

കൂടാളിയിലെ സ്ഥലത്തിന് സർട്ടിഫിക്കറ്റ് കണ്ണൂർ വില്ലേജിൽ നിന്ന്
ജില്ലാ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാനുണ്ടാക്കിയ വ്യാജരേഖയിലെ വലിയ തെറ്റ് ബ്രാഞ്ച് മാനേജർ കണ്ടില്ലെന്നുനടിച്ചു. സ്ഥലത്തിന്റെ ആധാരവും നികുതിശീട്ടും വക്കീലിന്റെ സർട്ടിഫിക്കറ്റും നോക്കിയാണ് വായ്പ നൽകാൻ ശുപാർശ ചെയ്തതെന്നാണ് മാനേജരുടെ വിശദീകരണം.
കൂടാളി വില്ലേജിലെ സ്ഥലത്തിന് കണ്ണൂർ വില്ലേജ് ഓഫീസർ നൽകിയ കൈവശാവകാശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സർട്ടിഫിക്കറ്റുമാണ് പ്രേമരാജൻ ബാങ്കിൽ കൊടുത്തത്. ലൊക്കേഷൻ സർട്ടിഫിക്കറ്റിന്റെ ഒപ്പമുള്ള ലൊക്കേഷൻ പ്ലാൻ കൂടാളി വില്ലേജ് ഓഫീസറുടെ കള്ള ഒപ്പിട്ടാണ് നൽകിയത്. വായ്പ അനുവദിക്കാൻ ശുപാർശ ചെയ്ത ബാങ്ക് ബ്രാഞ്ച് മാനേജർക്ക് തട്ടിപ്പ് സംഭവത്തിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രേമരാജൻ തട്ടിപ്പ് തുടങ്ങിയത് എ.കെ.ജി. ആസ്പത്രിയിൽ
എ.പ്രേമരാജൻ സഹകരണരംഗത്ത് തട്ടിപ്പ് തുടങ്ങിയത് കണ്ണൂർ എ.കെ.ജി. സഹകരണ ആസ്പത്രിയിൽ. ആസ്പത്രി സൊസൈറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെ വൻ തുക തട്ടിയെടുക്കുകയായിരുന്നു. ആസ്പത്രി ഭരണസമിതിയും സി.പി.എം. നേതാക്കളും കടുത്ത നിലപാടെടുത്ത് പിടിച്ച പിടിയിൽ പണം തിരികെ അടപ്പിക്കുകയായിരുന്നുവത്രെ. പാർട്ടിയിലെ ചില നേതാക്കളുമായുള്ള അടുപ്പം കാരണം കേസ് കൊടുക്കാതെ വിടുകയായിരുന്നു. എന്നാൽ സെക്രട്ടറിസ്ഥാനത്തുനിന്നും സി.പി.എം. അംഗത്വത്തിൽനിന്നും ഒഴിവാക്കി. തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ ഭരണവിഭാഗത്തിൽ ഉയർന്ന ചുമതലയിലായി. അവിടെനിന്ന് രണ്ടുവർഷത്തിനകം ഒഴിവാകുകയായിരുന്നു.
ഏതാനും മാസം മുൻപ് സി.പി.എമ്മിൽ വലിയ വിവാദത്തിനും സംഘടനാ നടപടികൾക്കും കാരണമായ പേരാവൂർ സഹകരണ ആസ്പത്രി പ്രശ്നത്തിലും പ്രേമരാജന്റെ പങ്കാളിത്തം ആരോപിക്കപ്പെട്ടിരുന്നു; നഷ്ടത്തിലായ ആസ്പത്രി വില്പനയ്ക്ക് മുൻ സർക്കാരിന്റെ കാലത്ത് സഹകരണ വകുപ്പിൽനിന്ന് അനുമതി വാങ്ങുന്നതിനും മറ്റും ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നായിരുന്നു ആരോപണം.
Content Highlights: bank fraud