ബെംഗളൂരു: ബെംഗളൂരുവില്‍ സംഘം ചേര്‍ന്നുള്ള ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശി യുവതി ആദ്യം മനുഷ്യക്കടത്തു സംഘത്തിന്റെ ഇരയായത് 16-ാമത്തെ വയസ്സിലെന്ന് പോലീസ്. അന്ന് ദുബായിലേക്കാണ് കൊണ്ടുപോയത്. ദുബായില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഷോപ്പില്‍ ജോലിചെയ്തു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടാനെത്തിയപ്പോള്‍ അറസ്റ്റിലായി. തുടര്‍ന്ന് യുവതിയെ തിരികെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുകയായിരുന്നു.

പിന്നീടാണ് ഹൈദരാബാദിലും ബെംഗളൂരുവിലുമെത്തുന്നത്. മനുഷ്യക്കടത്തുസംഘത്തിന്റെ ഒരു ഏജന്റുവഴിയാണെത്തിയത്. ഹൈദരാബാദില്‍ ബ്യൂട്ടി പാര്‍ലറിലായിരുന്നു ജോലി. ബെംഗളൂരുവില്‍ മസാജിങ് പാര്‍ലറില്‍ ജോലിചെയ്തു. ഇതിനിടെ ഈ വര്‍ഷമാദ്യം ബെംഗളൂരു പോലീസിന്റെ പിടിയിലായി.

യുവതി സ്ഥിരമായി കോഴിക്കോട്ടേക്ക് പോകാറുണ്ടായിരുന്നു. കോഴിക്കോട്ടുള്ള ആണ്‍സുഹൃത്തിന്റെയടുത്തേക്കാണ് യുവതിയെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ബംഗ്ലാദേശില്‍നിന്നു യുവതികളെ കടത്തിക്കൊണ്ടുവരുന്ന സംഘം യുവതിയെ അവരുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചുവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പിന്നീട് സാമ്പത്തിക ഇടപാടിന്റെ പേരില്‍ സംഘവുമായി അകന്ന യുവതി കോഴിക്കോട്ടു കഴിഞ്ഞുവരുകയായിരുന്നു. 19-കാരിയായ ഇവരെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സംഘം ക്രൂരപീഡനത്തിനിരയാക്കിയത്. കേസില്‍ ഇതുവരെ 12 പേര്‍ പിടിയിലായി. പ്രതികളെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്.