ബെംഗളൂരു: ബംഗ്ലാദേശി യുവതിയെ ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതിയായ റിഡോയ് ബാബു (25) ടിക് ടോക് താരമെന്ന് പോലീസ്. ബംഗ്ലാദേശിലെ ധാക്ക സ്വദേശിയായ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടുത്തി ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത് ഓൺലൈനിൽ പങ്കുവച്ച് പ്രശസ്തി നേടിയിരുന്നു. ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച് യുവതികളെ ബെംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കൈമാറി വന്നതായും വിവരം ലഭിച്ചു.

ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂർത്തി നഗർ പോലീസ് പറഞ്ഞു. രാമമൂർത്തിനഗറിലെ താമസസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഇയാളും മറ്റൊരു പ്രതി സാഗറും (23) പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കാലിനു വെടിവെച്ചാണ് ഇവരെ കീഴ്പ്പെടുത്തിയത്. ഇവർ ഉൾപ്പെടെ രണ്ടു സ്ത്രീകളടക്കം ബംഗ്ലാദേശ് സ്വദേശികളായ ആറു പേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തത്. ബംഗ്ലാദേശിൽനിന്ന് യുവതികളെ കടത്തിക്കൊണ്ടുവരുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നാണ് പോലീസിനു ലഭിച്ച വിവരം.

പീഡനത്തിനിരയായ യുവതിയും നേരത്തേ ഈ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റിയ യുവതി കുറച്ചു കാലമായി കോഴിക്കോട്ടാണ് താമസിച്ചത്. ഇവരിൽനിന്ന് യുവതി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. അത് തിരിച്ചുനൽകാത്തതിന്റെ വൈരാഗ്യമാണ് പീഡനത്തിൽ കലാശിച്ചത്. സംഘത്തിലെ സ്ത്രീകൾ ഇവരെ കോഴിക്കോട്ടുനിന്ന് വിളിച്ചുവരുത്തുകയായിരുന്നു. രാമമൂർത്തി നഗറിലെ താമസസ്ഥലത്ത് എത്തിച്ച യുവതിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പീഡനത്തിനിരയായശേഷം യുവതി ഒരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് മടങ്ങി. പ്രതികൾ പ്രചരിപ്പിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ട് അസം പോലീസ് നൽകിയ വിവരത്തെത്തുടർന്നാണ് അറസ്റ്റ്. യുവതിയെ പിന്നീട് പോലീസ് കോഴിക്കോട്ടുനിന്ന് കണ്ടെത്തി ബെംഗളൂരുവിലെത്തിച്ചിരുന്നു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Content Highlights: bangladeshi woman brutally raped in bengaluru