ബെംഗളുരു: ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് സംഘം ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചത്.

ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ ഇവര്‍ താമസിച്ച വാടകവീട്ടില്‍വെച്ചാണ് ബംഗ്ലാദേശിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അക്രമിസംഘത്തെ വാടകവീട്ടില്‍നിന്ന് പോലീസ് പിടികൂടിയത്.

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ടു പ്രതികള്‍ക്കുനേരെ പോലീസ് വെടിയുതിര്‍ത്തു. വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി ഇവരെ താമസസ്ഥലത്ത് കൊണ്ടുവന്നത്. കാലിന് വെടിയേറ്റ ഇവരെ ബെംഗളൂരുവിലെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ്, സാഗര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുവതിയുമായുള്ള സാമ്പത്തിക ഇടപാടാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ക്രൂരമായ പീഡനത്തിന്റെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ട അസം പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ അസം, പശ്ചിമബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രചരിച്ചത്. ഇവരെക്കുറിച്ച് വിവരമറിയിക്കുന്നവര്‍ക്ക് അസം പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Content Highlights: bangladeshi woman brutally attacked in bengaluru