ധാക്ക: ബംഗ്ലാദേശിൽ കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന പോലീസുകാരെ കൂട്ടത്തോടെ പുറത്താക്കുന്നു. ധാക്ക മെട്രോപൊളിറ്റൻ പോലീസിൽ(ഡി.എം.പി.) നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ 26 പോലീസുകാരെയാണ് സർവീസിൽനിന്ന് പുറത്താക്കുന്നത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

പോലീസും ലഹരിമാഫിയയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപങ്ങൾ ശക്തമായതിനിടെയാണ് പോലീസുകാർക്കിടയിൽ അപ്രതീക്ഷിത പരിശോധന നടത്തിയത്. നൂറിലേറെ പോലീസുകാരെയാണ് ആദ്യതവണ ലഹരി പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരിൽ നാല് സബ്-ഇൻസ്പെക്ടർമാർ, മൂന്ന് എ.എസ്.ഐമാർ 17 കോൺസ്റ്റബിൾമാർ എന്നിവരടക്കം 26 പോലീസ് ഉദ്യോഗസ്ഥർ കഞ്ചാവ്, ആംഫെറ്റാമിൻ തുടങ്ങിയ ലഹരികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തലത്തിൽ കേസെടുത്തതായും ഉടൻതന്നെ സർവീസിൽനിന്ന് പുറത്താക്കുമെന്നും ഡി.എം.പി. കമ്മീഷണർ ഷഫീഖുൽ ഇസ്ലാം പറഞ്ഞു. ലഹരി ഉപയോഗിക്കുകയും ലഹരിമാഫിയകളെ സഹായിക്കുകയും ചെയ്യുന്ന പോലീസുകാരെ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണർ വ്യക്തമാക്കി.

ലഹരിമാഫിയകളെ പോലീസ് സഹായിക്കുന്നതായി ആക്ഷേപമുയർന്നപ്പോൾ തന്നെ യൂണിറ്റ് തലത്തിൽ കമ്മീഷണർ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ തുറന്നുപറയണമെന്നും അവർക്ക് ആവശ്യമായ ചികിത്സ നൽകാമെന്നും ഉറപ്പുംനൽകി. ഇതിനുപിന്നാലെയാണ് പോലീസുകാർക്കിടയിൽ അപ്രതീക്ഷിതമായി പരിശോധന സംഘടിപ്പിച്ചത്. നിലവിൽ നൂറിലേറെ പോലീസുകാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയതെങ്കിലും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന. ഇതേത്തുടർന്ന് പല പോലീസ് ഉദ്യോഗസ്ഥരും ഭയപ്പാടിലാണെന്നും മിക്കവരും പരിശോധന ഭയന്ന് ലഹരി ഉപയോഗം ഒഴിവാക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

Content Highlights:bangladeshi policemen face termination after failing in drug test