ശൂരനാട്(കൊല്ലം): മതിയായ രേഖകളില്ലാതെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്ത നാല് ബംഗ്ലാദേശ് സ്വദേശികള്‍ പോലീസ് പിടിയില്‍. ശൂരനാട് വടക്ക് ആനയടി തങ്കം കാഷ്യൂ ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് സെയ്ദുള്‍ റഹ്മാന്‍ (22), മുഹമ്മദ് അബ്ദുള്‍ വഹാബ് (28), മുഹമ്മദ് എംദാദുല്‍ (35), മുഹമ്മദ് അലിറ്റന്‍ അലി (42) എന്നിവരാണ് പിടിയിലായത്. പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അതിഥി തൊഴിലാളികളുടെ കണക്കെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

ഇന്ത്യന്‍ പൗരന്മാരാണെന്നുള്ളതിന് രേഖകളൊന്നും ഇവരുടെ കൈവശമില്ലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സന്ദര്‍ശന വിസയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ വിസ കാലാവധിക്കുശേഷവും ഇവിടെ കഴിയുകയായിരുന്നു എന്ന് തെളിഞ്ഞു. ഇത്തരക്കാര്‍ നാട്ടിലെത്തിയാല്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോട്ട് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ കാഷ്യൂ ഫാക്ടറി ഉടമയായ ജെയ്‌സണ്‍ റിപ്പോട്ട് ചെയ്തിട്ടില്ല. ജെയ്‌സണ്‍, മാനേജര്‍ അനില്‍ സേവ്യര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗ്ലാദേശ് സ്വദേശികളെ തിരിച്ചയയയ്ക്കാനുള്ള നടപടി തുടങ്ങി.

ശൂരനാട് സി.ഐ. ഫിറോസ്, എസ്.ഐ.മാരായ പി.ശ്രീജിത്ത്, ജയചന്ദ്രബാബു, എ.എസ്.ഐ. റഷീദ്, സി.പി.ഒ. അരുണ്‍, ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Content Highlights: bangladesh natives arrested in sooranadu kollam