മൈസൂരു: അടുത്തിടെ ബന്ദിപ്പുർ വനത്തിനു തീയിട്ട കേസിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. വയനാട് സ്വദേശികളായ ഗണേശ (38), മണി (22), ഗുണ്ടൽപേട്ടിലെ ലക്ഷ്മിപുര ഗ്രാമനിവാസി ചേലുവ (48) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പങ്കുള്ള ഇവരുടെ കൂട്ടാളികളായ മറ്റ് ഏഴുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കേസിലെ മുഖ്യപ്രതിയായ ചേലുവ മുമ്പ് മദ്ദൂർ റേഞ്ചിൽ കള്ളത്തടി കടത്തലിൽ ഏർപ്പെട്ടിരുന്നു. കള്ളത്തടി കടത്തൽ തടഞ്ഞതിൽ വനംവകുപ്പിനോടുള്ള പ്രതികാരമായാണ് ഇയാൾ കൂട്ടാളികളുടെ സഹായത്തോടെ ഈമാസം ഒന്നിന് മദ്ദൂർ റേഞ്ചിലെ നാലിടങ്ങളിൽ ഒരേസമയം തീയിട്ടത്. ഇതിനായി കേരളത്തിൽനിന്ന് നാലുപേരെയും ലക്ഷ്മിപുരയിൽനിന്ന് അഞ്ചുപേരെയുമാണ് ഇയാൾ കൊണ്ടുവന്നത്. മദ്ദൂർ റേഞ്ച് വനംവകുപ്പ് ഓഫീസർ ബി. സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായവർ അന്തസ്സംസ്ഥാന കുറ്റവാളികളാണെന്നും ഇവർക്കെതിരേ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്നും ബന്ദിപ്പുർ ദേശീയോദ്യാനം ഡയറക്ടർ എസ്.ആർ. നാതേഷ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Content Highlights:bandipur wild fire case three arrested in mysuru