കരുണാപുരം: മൂന്ന് മാസത്തിനിടെ പഴയ കൊച്ചറയിലെ കൃഷിയിടത്തില്‍ നിന്ന് വിളവെടുപ്പിന് പാകമായ മുന്നൂറോളം വാഴക്കുലകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ കമ്പംമെട്ട് പോലീസ് പിടികൂടി. ശങ്കരന്‍കാനം വേങ്ങമൂട്ടില്‍ എബ്രഹാം (50), ഓട്ടോ ഡ്രൈവറായ നമ്മനാശേരില്‍ റെജി (49) എന്നിവരാണ് പിടിയിലായത്.

കരുണാപുരം സ്വദേശി പോള്‍സണ്‍ സോളമന്റെ ഏഴേക്കര്‍ പാട്ടകൃഷിയടത്തില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപയുടെ വാഴക്കുലകള്‍ മോഷണം പോയത്. സമ്മിശ്ര കൃഷിയാണ് ഇവിടെ ചെയ്യുന്നത്. ഏലം, കുരുമുളക്, കാപ്പി കൃഷിയുടെ ഇടവിളയായി 25,000 വാഴയും നട്ടു. ഏത്തവാഴ, ഞാലിപ്പൂവന്‍, പാളയംതോടന്‍, റോബസ്റ്റ, പൂവന്‍ തുടങ്ങിയ ഇനങ്ങള്‍ വിളവെടുക്കാന്‍ പാകമായപ്പോള്‍ മോഷ്ടാക്കളുടെ ശല്യം തുടങ്ങി. മോഷ്ടാക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ വാഴക്കുലകളില്‍ ചായം പൂശി. ഈ കുലകള്‍ കൊച്ചറയിലെ ഒരു പച്ചക്കറി വില്‍പ്പന കേന്ദ്രത്തില്‍ മോഷ്ടാക്കള്‍ വിറ്റതായി കണ്ടെത്തി. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായ പ്രതികള്‍ ചേര്‍ന്നാണ് വാഴക്കുല വിറ്റതെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃഷിസ്ഥലം പാട്ടത്തിനെടുത്തിരിക്കുന്ന പോള്‍സണ്‍ വിദേശത്താണ്. കൃഷി നോക്കി നടത്തുന്ന കെ.ജെ.ജോര്‍ജുകുട്ടി എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍ പോലീസ് നടപടികളൊന്നും എടുത്തില്ലെന്നും ആരോപണമുണ്ട്.

പിന്നീട് വ്യക്തമായ വിവരങ്ങളും സി.സി.ടി.വി.ദൃശ്യങ്ങളും പരാതിക്കാരന്‍ പോലീസിന് കൈമാറിയതോടെയാണ് പ്രതികളെ പിടികൂടാന്‍ തയ്യാറായതെന്നാണ് ആക്ഷേപം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.