തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി നല്‍കിയ മൊഴികളൊന്നും വിശ്വസനീയമല്ലെന്ന് സി.ബി.ഐ. അപകടം നടന്ന് ഏറെക്കഴിഞ്ഞശേഷം ഈ സ്ഥലത്തുകൂടി സോബി പോയിട്ടുണ്ട്.

അല്ലാതെ അപകടത്തിനു സാക്ഷിയല്ല. അപകടത്തിനു തൊട്ടുമുമ്പ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കുന്നതു കണ്ടുവെന്നു പറഞ്ഞതും തെറ്റാണ്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു.

അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു സോബിയുടെ ആരോപണം. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയെ അപകടസ്ഥലത്ത് കണ്ടുവെന്നും സോബി പറഞ്ഞിരുന്നു. എന്നാല്‍, ശാസ്ത്രീയമായ അന്വേഷണത്തിലും നുണപരിശോധനയിലും ഇതെല്ലാം കളവാണെന്നു സി.ബി.ഐ. കണ്ടെത്തി. അപകടത്തിനു തൊട്ടുപിന്നാലെ ഡ്രൈവറെ ഫോണ്‍ ചെയ്‌തെന്നായിരുന്നു സോബിയുടെ മൊഴി. എന്നാല്‍, ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍, അപകടത്തിന് രണ്ടു മണിക്കൂറിനുശേഷമാണ് സോബി ഡ്രൈവറെ വിളിച്ചതെന്നു സ്ഥിരീകരിച്ചു. സോബി പറഞ്ഞ പ്രതി അപകടം നടന്ന സമയം ബെംഗളൂരുവിലായിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിച്ചുവെന്നു സോബി പറയുന്ന പെട്രോള്‍ പമ്പില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ല. വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും ഇതിനു ശക്തിപകര്‍ന്നത് സോബിയുടെ വെളിപ്പെടുത്തലുകളായിരുന്നു. 

കുഴപ്പിച്ചത് ബസ് ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം: അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അജിയുടെ മൊഴിയാണെന്ന് സി.ബി.ഐ. അന്വേഷണ സംഘം. ബാലഭാസ്‌കറിന്റെ കാര്‍ പള്ളിപ്പുറത്ത് മരത്തിലിടിച്ച് കയറിയതിന്റെ തൊട്ടുപിന്നാലെ എത്തിയ കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറാണ് വെള്ളറട സ്വദേശി അജി.

കാറോടിച്ചിരുന്നയാള്‍ ടീഷര്‍ട്ടും ബര്‍മുഡയുമാണ് ഇട്ടിരുന്നതെന്നും കുര്‍ത്ത ധരിച്ചയാള്‍ ഗുരുതരമായി പരിക്കേറ്റ് പിന്‍സീറ്റില്‍ കിടക്കുന്നുണ്ടായിരുന്നെന്നുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വര്‍ക്കല സ്വദേശി നന്ദുവും പരിസരവാസികളും പറഞ്ഞിരുന്നത്.

അപകടസമയത്ത് ബാലഭാസ്‌കറിന്റെ വേഷം കുര്‍ത്തയായിരുന്നുവെന്ന് ആശുപത്രി രേഖകളിലുണ്ട്. ഡ്രൈവര്‍ അര്‍ജുനന്റെ വസ്ത്രങ്ങളില്‍ സ്റ്റിയറിങ്ങിന്റെ പാടുണ്ട്. എന്നാല്‍, അപകടത്തിന് അടുത്ത ദിവസം ബാലഭാസ്‌കറാണ് കാറോടിച്ചതെന്ന് അജി മാധ്യങ്ങളോടു പറഞ്ഞു. ഇത് അജിയുടെ തെറ്റിദ്ധാരണകൊണ്ടാകാമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേ നിഗമനത്തിലാണ് സി.ബിഐ.യും എത്തിയിട്ടുള്ളത്.

കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ആദ്യം പറഞ്ഞത് ഡ്രൈവര്‍ അര്‍ജുനാണ്. ബാലഭാസ്‌കറിന്റെ മാനേജര്‍മാരും അര്‍ജുന്റെ വീട്ടുകാരും ഇത് ശരിവെക്കുകയും ചെയ്തു. കാറോടിച്ചത് അര്‍ജുനാണെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത്. മൊഴികളിലെ ഈ വൈരുധ്യമാണ് അപകടത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.

നിയമനടപടിയെന്ന് സോബി

:  തന്നെക്കുറിച്ച് സിബിഐ പറഞ്ഞ കാര്യങ്ങള്‍ അസത്യമാണെന്നും സി.ബി.ഐ. ഉദ്യോഗസ്ഥനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കലാഭവന്‍ സോബി പറഞ്ഞു. തനിക്കെതിരേ കേസെടുത്ത സാഹചര്യത്തല്‍ തന്നെ കസ്റ്റഡിയിലെടുത്ത് അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും കലാഭവന്‍ സോബി പറഞ്ഞു. 

Content Highlights: balabhaskar accident death cbi investigation report