തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തും. ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മൊഴി രേഖപ്പെടുത്തുക. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളാണ് പ്രകാശ് തമ്പി. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. 

ഇയാള്‍ക്ക് ബാലഭാസ്‌ക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബാലഭാസ്‌ക്കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്നു പ്രകാശ് തമ്പി. 

ഇതിനിടെ ബാലഭാസ്‌ക്കറിന് അപകടം സംഭവിച്ച സ്ഥലത്ത് അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. ഇതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിരുന്നു.  ഇതിന്റെ ഭാഗമായാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്. സ്വര്‍ണക്കടത്തിന് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടായിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്ന് അച്ഛന്‍ കെ.സി ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Balabhaskar accident case; crime branch question one arrested Gold smuggler