ജയ്‌സാല്‍മര്‍ (രാജസ്ഥാന്‍): പ്രസവമെടുക്കുമ്പോള്‍ ശക്തമായി വലിച്ചതിനെത്തുടര്‍ന്ന് ശരീരം രണ്ടായി മുറിഞ്ഞ് കുഞ്ഞ് മരിച്ച സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ രാംഗഢ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മെയില്‍ നഴ്‌സായ അമിത് ലാലിനെയാണ് വെള്ളിയാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു നഴ്‌സായ ജുജ്ഹര്‍ സിങ്ങിനെ കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.    

ഡോക്ടറെ അറിയിക്കാതെയാണ് നഴ്‌സ് യുവതിയുടെ പ്രസവം എടുക്കാന്‍ ശ്രമിച്ചത്. പ്രസവം ബുദ്ധിമുട്ടേറിയതായിരുന്നിട്ടും, കുട്ടിയുടെ ശരീരം പുറത്തുവരാന്‍ പ്രയാസം അനുഭവപ്പെട്ടിട്ടും ഡോക്ടറെ വിളിക്കാന്‍ തയ്യാറാകാതെ നഴ്‌സ് സ്വയം പ്രസവം എടുത്തു. ഇതിന്റെ ഭാഗമായി ശക്തിയായി വലിച്ചപ്പോള്‍ കുട്ടിയുടെ ശരീരം രണ്ടായി മുറിഞ്ഞ് തലയുള്‍പ്പെടെ ഭാഗം അമ്മയുടെ വയറിനകത്താകുകയായിരുന്നു.

അപകടം സംഭവിച്ചതിന് ശേഷവും ഈ വിവരം നഴ്‌സ് മറ്റാരേയും അറിയിച്ചില്ലെന്ന് മാത്രമല്ല മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷം ഭാര്യയുടെ നില ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും നഴ്‌സ് യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.  മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്നും അതുനീക്കാനായി മറ്റൊരു ആശുപത്രിയിലേക്കു പോകണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് യുവതിയെ ജോദ്പുരിലെ ഉമൈദ് ഭവന്‍ ആശുപത്രിയിലേക്ക് മാറ്റി. 

ഇവിടെ വച്ചാണ് കുടുംബം കുട്ടിയെ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. 

തുടര്‍ന്ന് യുവതിയുടെ കുടുബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. നഴ്‌സ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ട വിവരം തന്നെ അറിയിച്ചില്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ നിഖില്‍ ശര്‍മ്മ പോലീസില്‍ മൊഴി നല്‍കിരുന്നു. ആശുപത്രി ജീവനക്കാരെയും പോലീസ് അന്വേഷണ വിധേയമായി ചോദ്യം ചെയ്തു. നവജാത ശിശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം മോര്‍ച്ചറിയില്‍ നിന്നും കണ്ടെത്തി. ഇതിനു ശേഷമാണ് നഴ്‌സിനെ അറസ്റ്റുചെയ്യുന്നത്. നഴ്‌സിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 

Content Highlight: Baby's Body Split Into 2 in Delivery, Nurse Arrested