കൊട്ടിയം(കൊല്ലം) : അച്ഛനുമമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ അര്‍ദ്ധരാത്രി വീടിന്റെ പിന്‍വാതിലിലൂടെ എടുത്തുകൊണ്ടുപോയി ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്നശേഷം ചതുപ്പില്‍ വലിച്ചെറിഞ്ഞ് കടന്ന മോഷ്ടാവിനെയും കൂട്ടാളിയെയും കണ്ണനല്ലൂര്‍ പോലീസ് പിടികൂടി.

കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍ (പൊടിമോന്‍-40), കൂട്ടാളി മുഖത്തല ആലുംമൂട് തുരുത്തില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ നാലിനായിരുന്നു പ്രദേശത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മോഷണം നടന്നത്. തൃക്കോവില്‍വട്ടം ചേരിക്കോണം തലച്ചിറ കോളനി ബീമ മന്‍സിലില്‍ ഷെഫീക്കിന്റെയും ഷംനയുടെയും ആറുമാസം പ്രായമുള്ള കുഞ്ഞ് ഷെഹ്‌സിയെയാണ് വിജയകുമാര്‍ തട്ടിയെടുത്ത് കടന്നത്.

പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന്റെ പിന്‍വാതിലിലൂടെയാണ് ഇയാള്‍ അകത്തുകടന്നത്. അച്ഛന്റെയും അമ്മയുടെയും മധ്യേ കിടന്നുറങ്ങിയ കുഞ്ഞിന്റെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കിടക്കുന്നതുകണ്ട ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്റെ കൈയില്‍നിന്ന് ആഭരണങ്ങള്‍ ഊരിമാറ്റിയശേഷം സമീപത്തെ രണ്ട് വീടുകളില്‍ മോഷണശ്രമം നടത്തിയതായി പറയുന്നു. മോഷണശ്രമത്തിനിടെ ഗൃഹനാഥന്‍ ഉണര്‍ന്നതോടെ ഇയാള്‍ അവിടെനിന്ന് കടന്നു. ഇയാളെ പിന്തുടര്‍ന്നതോടെയാണ് കുഞ്ഞിനെ ചതുപ്പില്‍ വലിച്ചെറിഞ്ഞശേഷം വിജയകുമാര്‍ കടന്നുകളഞ്ഞത്. കുഞ്ഞിനെ കണ്ടെത്തി വീട്ടിലെത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയ വിവരം രക്ഷാകര്‍ത്താക്കള്‍ അറിയുന്നത്.

ത്രികോണാകൃതിയില്‍ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷ്ടിച്ച സ്വര്‍ണ ചെയിന്‍ കുരീപ്പള്ളി ആലുംമൂട്ടിലുള്ള സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍ പണയംെവച്ചത് കണ്ടെടുത്തു. കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ബന്ധുവായ മണികണ്ഠന്റെ സഹായത്തോടെയാണ് സ്വര്‍ണം പണയം െവച്ചത്.

കേസില്‍ സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കമ്മിഷണറുടെ ഡാന്‍സാഫ് ടീമും അന്വേഷണത്തില്‍ പങ്കാളിയായി. ചാത്തന്നൂര്‍ എ.സി.പി. ഷൈനു തോമസ്, കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ. വിപിന്‍കുമാര്‍, എസ്.ഐ.മാരായ നിയാസ്, സുന്ദരേശന്‍, ഡാന്‍സാഫ് ടീം എസ്.ഐ. ജയകുമാര്‍, എ.എസ്.ഐ.മാരായ നജീബ്, അരുണ്‍, സന്തോഷ് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: baby kidnapping and theft case; two arrested in kottiyam kollam