കേളകം: കണിച്ചാർ ചെങ്ങോത്തെ ഒരു വയസ്സുള്ള കുഞ്ഞിനേറ്റത് ക്രൂരമായ മർദനം. ശനിയാഴ്ച രാത്രി എട്ടാേടെയായിരുന്നു കുഞ്ഞിനെ അമ്മ രമ്യയുടെ മാതാപിതാക്കൾ പേരാവൂർ താലൂക്കാശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ വലതുകണ്ണിനു സമീപം പാടും കീഴ്ചുണ്ടിനടിയിൽ മുറിവുപറ്റിയനിലയിലുമാണ് ആശുപത്രിയിലെത്തിച്ചതെന്ന് താലൂക്കാശുപത്രിയിലെ ഡോക്ടർ പറഞ്ഞു. മർദനമേറ്റ പാടുകളാണെന്ന് മനസ്സിലാക്കിയ ഡോക്ടർ രമ്യയുടെ മാതാപിതാക്കളോട് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. രമ്യയുടെ ആൺസുഹൃത്ത് രതീഷ് കുഞ്ഞിനെ മർദിച്ചുണ്ടായ മുറിവുകളാണിതെന്ന് അവർ ഡോക്ടറെ അറിയിച്ചു. കുഞ്ഞിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടർന്നാണ് തങ്ങൾ വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്നും അവർ ഡോക്ടറെ അറിയിച്ചു.

കുഞ്ഞിനെ കഴിഞ്ഞ ദിവസങ്ങളിലും രതീഷ് മർദിച്ചിരുന്നെന്ന് അവരിൽനിന്നും ഡോക്ടർ മനസ്സിലാക്കി. തുടർന്ന് ആശുപത്രി അധിക്യതർ പോലീസിനെ വിവരമറിയിച്ചു. തുടർന്നാണ് രതീഷിനെ കേളകം പോലീസ് അറസ്റ്റു ചെയ്യുന്നത്.

കുഞ്ഞിന്റെ രണ്ടാനച്ഛനാണ് മർദിച്ചതെന്നായിരുന്നു രമ്യയുടെ മാതാപിതാക്കൾ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ, രമ്യയെയും രതീഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് മനസ്സിലായതെന്ന് പോലീസ് പറഞ്ഞു.

രമ്യ ഭർത്താവുമായി നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കൈകൊണ്ടും വടികൊണ്ടും ഇയാൾ കുഞ്ഞിനെ മർദിച്ചതായും പോലീസ് പറഞ്ഞു. ഭർത്താവിൽനിന്ന് മാറി കേളകം പെരുന്താനത്ത് താമസിക്കുന്നതിനിടെയാണ് രമ്യ രതീഷുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് മൂന്നാഴ്ച മുൻപാണ് ഇവർ കണിച്ചാർ ചെങ്ങോത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കാനാരംഭിച്ചത്.

വിശദപരിശോധനകൾക്കായി ശനിയാഴ്ച രാത്രിതന്നെ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ തോളിനോടുചേർന്ന കോളർ അസ്ഥിക്ക് പൊട്ടലുണ്ടായതായി വിശദപരിശോധനയിലാണ് മനസ്സിലായത്.