തിരുവനന്തപുരം: കോടതി ഉത്തരവ്‌ അവഗണിച്ച കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണർക്ക്‌ പ്രത്യേക സി.ബി.ഐ. കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌. ഒരു പോലീസ്‌ ഓഫീസറുടെ ഫോൺരേഖകൾ ഹാജരാക്കാനാണ്‌ കോടതി കമ്മിഷണർക്ക്‌ നിർദ്ദേശം നൽകിയിരുന്നത്‌.

രേഖകൾ ഹാജരാക്കാൻ ഒരു മാസത്തിലേറെ കോടതി അനുവദിച്ചെങ്കിലും സിറ്റി പോലീസ്‌ കമ്മിഷണർ രേഖകൾ ഹാജരാക്കാതെ കൂടുതൽ സമയം ആവശ്യപ്പെട്ടു.

പോലീസിന്റെ ആവശ്യം തള്ളിയ ജഡ്ജി കെ. സനിൽകുമാർ കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണറെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയിൽ ഹാജരാക്കാൻ സി.ബി.ഐ.ക്ക്‌ നിർദ്ദേശം നൽകി. തിങ്കളാഴ്ച ഉച്ചയ്ക്ക്‌ ഹാജരാകണമെന്നാണ്‌ നിർദ്ദേശം. എ.എസ്‌.ഐ. ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണയാണ്‌ കോടതിയിൽ നടക്കുന്നത്‌. പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായ കേസിൽ പ്രതികളുടെ സാക്ഷികളെയാണ്‌ കോടതി വിസ്തരിക്കുന്നത്‌.

കേസിലെ പ്രതിയായ കണ്ടെയ്‌നർ സന്തോഷാണ്‌ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ മൊബൈൽ രേഖകൾ ഹാജരാക്കാൻ പോലീസിന്‌ നിർദ്ദേശം നൽകണമെന്ന്‌ കോടതിയിൽ ഹർജി ഫയൽ ചെയ്തത്‌. 2011 ജനുവരി 11-നാണ്‌ എ.എസ്‌.ഐ. ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ചത്‌. കൊല്ലം ആശ്രാമം ഗസ്റ്റ്‌ ഹൗസിൽ നടന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ മദ്യസത്‌കാരത്തെ സംബന്ധിച്ച വാർത്ത ‘മാതൃഭൂമി’യിൽ പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ചോർത്തി നൽകിയത്‌ ബാബുകുമാറാണെന്ന വിശ്വാസത്തിലാണ് പ്രതികൾ ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ചത്‌. കണ്ടെയ്‌നർ സന്തോഷ്‌ അടക്കമുള്ളവരാണ്‌ കേസിലെ പ്രതികൾ. വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ലേഖകൻ വി.ബി. ഉണ്ണിത്താനെയും പ്രതികൾ പിന്നീട്‌ വധിക്കാൻ ശ്രമിച്ചു.

Content Highlights: babukumar murder attempt case, Arrest warrant against kollam police commisioner