ഹരിപ്പാട്: കാര്‍ത്തികപള്ളി പുളിക്കീഴ് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പന്‍സറിയിലെ താത്കാലിക ജീവനക്കാരി എരിക്കാവ് മാമൂട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ അരുണ (32) തൂങ്ങിമരിച്ചു. ഡിസ്പന്‍സറിയില്‍ സ്റ്റോക്കുണ്ടായിരുന്ന മരുന്നില്‍ കുറവുവന്നതായി ആരോപിച്ച് ശനിയാഴ്ച രാവിലെ ഒരുവിഭാഗം ആളുകള്‍ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചിരുന്നു. മരുന്ന് എടുത്തുമാറ്റിയശേഷം കുപ്പികളില്‍ വെള്ളം നിറച്ചുവൈച്ചന്നായിരുന്നു പ്രധാന ആരോപണം.

മെഡിക്കല്‍ ഓഫീസറും മൂന്ന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ഡിസ്പന്‍സറിയില്‍ സ്റ്റോക്കുണ്ടായിരുന്ന മരുന്നുകുപ്പികള്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു.

വൈകീട്ട് മൂന്നുമണിയോടെ ഡിസ്പന്‍സറിയില്‍നിന്ന് പോയ അരുണ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവും മക്കളും സ്ഥലത്തുണ്ടായിരുന്നില്ല. ഡ്രൈവറായ ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു.

മക്കള്‍ ട്യൂഷന്‍ ക്ലാസിലും. അഞ്ചരയായിട്ടും അരുണയെ കാണാതായപ്പോള്‍ സഹോദരി ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിയനിലയില്‍ കാണുന്നത്. ഉടന്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും ഡോക്ടറുടെയും മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അരുണ എഴുതിവച്ചതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

അരുണയുടെ മുറി പോലീസ് സീല്‍ചെയ്തു. പോലീസ് കാവലും ഏര്‍പ്പെടുത്തി. ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച തെളിവുകള്‍ ശേഖരിക്കുമെന്ന് തൃക്കുന്നപ്പുഴ എസ്.ഐ. ഷാജിമോന്‍ പറഞ്ഞു.

മൃതദേഹം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: ശ്രീലക്ഷ്മി, ശ്രീഹരി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight: Ayurveda Dispensary Employee committed suicide