കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചു കൊന്ന കേസില്‍ പോലീസുകാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍.സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി സി പി ഐശ്വര്യ ഡോങ്രെ പറഞ്ഞു.

കുന്നുംപുറം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കൃഷ്ണകുമാറിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊലപ്പെടുത്തിയത്.

കൊച്ചി എ ആര്‍ ക്യാമ്പിലെ പോലീസ്‌കാരനായ ബിജോയ് സുഹൃത്ത് ഫൈസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പോലീസുകാരനും സുഹൃത്തുക്കളുമുള്‍പ്പെടെ കുന്നുംപുറം പീലിയോടിനു സമീപം പുഴക്കരയില്‍ മദ്യപിക്കുകയായിരുന്നു. ഇവിടേക്ക് കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു.

ഇവരുടെ ഒപ്പമുണ്ടായിരുന്ന ആളുമായി കൃഷ്ണകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നു.

പുഴക്കരയില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവിടെ എത്തി നോക്കുമ്പോള്‍ പരിക്ക് പറ്റി കിടക്കുന്നയാളെ കാണുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോളേക്കും മരണം സംഭവിച്ചിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. 

Content highlight: Autorickshaw driver beaten to death: Two arrested, including policeman