ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കൊല്ലം സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെ മോഷ്ടിച്ചുകടത്തിയ കേസിൽ ചെങ്ങന്നൂർ സ്വദേശിനി അറസ്റ്റിലായി. സുഹൃത്തായ ഒന്നാം പ്രതി രക്ഷപ്പെട്ടു.

ചെങ്ങന്നൂർ പുലിയൂർ പാണ്ഡവൻപാറ മൂലയൂഴം മലങ്കാവ് പുരയിടത്തിൽ രശ്മി (27) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ നാലിന് രാത്രി എട്ടുമണിയോടെ ടി.ബി. ജങ്ഷനുസമീപം നിർത്തിയിട്ടിരുന്ന, കൊല്ലം പള്ളിമൺ തെങ്ങുവിളവീട്ടിൽ പ്രമോദിന്റെ വക ഓട്ടോറിക്ഷയാണ് മോഷണം പോയത്.

സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ചെടുത്ത ഓട്ടോറിക്ഷ നിലമേൽ സ്റ്റാൻഡിൽ ഓടുന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെത്തിയപ്പോഴേക്കും ഒന്നാംപ്രതി രക്ഷപ്പെട്ടു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സുഹൃത്തും കേസിലെ കൂട്ടുപ്രതിയുമായ രശ്മിയെക്കുറിച്ച് വിവരം ലഭിച്ചത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നിർദേശപ്രകാരം സി.ഐ. എസ്.ഷാജി, എസ്.ഐ.മാരായ എസ്.സനൂജ്, ജെ.ശ്രീജിത്ത്, ഐ.വി.ആശ, എ.എസ്.ഐ.മാരായ താജുദ്ദീൻ, രാജീവ്, സലീം, ഷെഫി പോലീസുദ്യോഗസ്ഥരായ ബിന്ദു, രാകേഷ്, ശ്രീജ എന്നിവരടങ്ങിയസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights:auto theft case woman arrested in attingal