തൃശ്ശൂർ: ജീവിക്കാനായി വേഷങ്ങൾ പലത് കെട്ടിയിട്ടുണ്ട് വരന്തരപ്പിള്ളി സ്വദേശി രേവത്ബാബുവെന്ന ഇരുപത്തൊന്നുകാരൻ. പക്ഷേ, ഇങ്ങനെയൊരു വഞ്ചനയിൽപ്പെടുന്നത് ഇതാദ്യം. തൃശ്ശൂരിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് ഓട്ടം പോയി പണവും ഓട്ടോക്കൂലിയും കിട്ടാതെ വഞ്ചിക്കപ്പെട്ടതിനെക്കുറിച്ച് പറയുമ്പോൾ രേവതിന് സഹിക്കാനാവുന്നില്ല.

ലോക്ഡൗൺ ആണ് രേവതിനെ ഓട്ടോെഡ്രെവറാക്കിയത്. ലോട്ടറിക്കച്ചവടവും ഉത്സവപ്പറമ്പുകളിൽ കലാഭവൻ മണിയുടെ നാടൻപാട്ടുകളടങ്ങിയ സി.ഡി.കളുടെ കച്ചവടവുമായിരുന്നു മുമ്പ്. കോവിഡ്മൂലം എല്ലാമടഞ്ഞു. ഓട്ടോെഡ്രെവറുടെ വേഷം അണിഞ്ഞു. ഓട്ടോ ദിവസവാടകയ്ക്കെടുത്ത് തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം ഓടുകയാണിപ്പോൾ.

ജൂലായ് 28-ന് രാത്രി പത്തോടെയാണ് നെയ്യാറ്റിൻകരയിലേക്കെന്നു പറഞ്ഞ് ഒരാൾ ഓട്ടം വിളിക്കുന്നത്. അമ്മ മരിച്ചെന്നും ഉടൻ വീടെത്താൻ മറ്റ് മാർഗങ്ങളില്ലെന്നും സഹായിക്കണമെന്നും പറഞ്ഞു. പണം ഇപ്പോൾ കൈയിലില്ലെന്നും നാട്ടിലെത്തുമ്പോൾ ബന്ധുവിൽനിന്നു വാങ്ങിത്തരാമെന്നും പറഞ്ഞു. 276 കിലോമീറ്റർ യാത്രയ്ക്ക് 6,500 രൂപ കൂലി ഉറപ്പുനൽകി. തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചരയ്ക്ക് തിരുവനന്തപുരത്തെത്തി. തമ്പാനൂരിനടുത്ത് ഗവ. ആശുപത്രിയിലാണ് അമ്മയുടെ മൃതദേഹമുള്ളതെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോൾ അത്യാവശ്യത്തിനെന്നു പറഞ്ഞ് ആയിരം രൂപ രേവതിനോട് വാങ്ങി. ബന്ധു ഉടൻ എത്തുമെന്നും അപ്പോൾ കടംവാങ്ങിയ തുകയും ഓട്ടോക്കൂലിയും തരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു.

ഒരു മണിക്കൂർ കാത്തുനിന്നശേഷവും ആളെ കാണാതെ വന്നതോടെയാണ് രേവതിന് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. തുടർന്ന് തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തമ്പാനൂർ ജനറൽ ആശുപത്രിയിൽനിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചുവരുകയാണെന്ന് തമ്പാനൂർ സി.െഎ. ബൈജു അറിയിച്ചു.

ജില്ല വിട്ടുള്ള ഓട്ടം ഒഴിവാക്കണം

ദീർഘദൂരഓട്ടം വിളിച്ച് കബളിപ്പിക്കുന്ന സംഭവങ്ങൾ ഏറുന്നതിനാൽ ഓട്ടോ െഡ്രെവർമാർ മതിയായ കരുതലെടുക്കുകയും ഓട്ടംവിളിക്കുന്ന ആളുടെ വിലാസവും ഫോൺ നമ്പറും വാങ്ങി സൂക്ഷിക്കുകയും ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

കോവിഡ്കാലത്ത് കഴിവതും ജില്ലവിട്ടുള്ള ഓട്ടം ഒഴിവാക്കണം. സാനിറ്റൈസർ, മാസ്ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകളെടുക്കണം. പരിചയമില്ലാത്തവർ ദീർഘദൂരഓട്ടം വിളിക്കുമ്പോൾ സഹപ്രവർത്തകരുമായി ചേർന്ന് വിളിക്കുന്ന ആളുടെ ഉദ്ദേശ്യവും ഉറപ്പാക്കണം.

Content Highlights:auto driver from thrissur cheated by a passenger