രാജാക്കാട്: ഓട്ടോഡ്രൈവറെ വാഹനത്തോടൊപ്പം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ആര്യഭവനിൽ രാജേന്ദ്രനാ(57)ണ് ശാന്തൻപാറ ടൗണിൽ ഓട്ടോയിൽ വെന്തുമരിച്ചനിലയിൽ കണ്ടെത്തിയത് .

ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. മാവടിയിൽനിന്നു രാജകുമാരിയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറാണ് ശാന്തൻപാറ ടൗണിന് സമീപം ഓട്ടോ കത്തുന്നത് ആദ്യം കണ്ടത്.

ഇയാൾ ഉടൻതന്നെ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ ഓട്ടോയുടെ ഡ്രൈവർ സീറ്റിൽ പൊള്ളലേറ്റനിലയിൽ രാജേന്ദ്രനെ കണ്ടെത്തുകയായിരുന്നു.

വാഹനത്തിലെ തീ അണച്ചശേഷം രാജേന്ദ്രനെ പുറത്തെടുത്ത് ഉടൻതന്നെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിച്ചിരുന്നു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കട്ടപ്പന ഇരുപത് ഏക്കറിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഉടുമ്പൻചോല ടൗണിലെ ഓട്ടോഡ്രൈവറായ രാജേന്ദ്രൻ ഏതാനും ആഴ്ചകളായി മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

തന്റെ മരണം അടുത്തു എന്ന് പല സുഹൃത്തുക്കളോടും രാജേന്ദ്രൻ പറഞ്ഞതായി പോലീസ് പറഞ്ഞു. ഭാര്യ: ഗിരിജ. മക്കൾ: ആര്യ, അച്ചു. മരുമകൻ: സുബീഷ്.