പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളില്‍ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ കിഴക്കേഭാഗത്ത് കെ.എബ്രഹാം ഇട്ടി (കൊച്ചുമോന്‍-52) ആണ് മരിച്ചത്. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. കുടുംബവുമായി അകന്ന് ഒറ്റയ്ക്കായിരുന്നു താമസം.

തൊട്ടടുത്ത് കിണര്‍ പണിക്കായി ഉപയോഗിക്കുന്ന മോട്ടോര്‍ എബ്രഹാമിന്റെ വീട്ടിലാണ് വെയ്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10-ന് ഇത് എടുക്കാനെത്തിയ തൊഴിലാളി, എബ്രഹാമിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിന് പുറത്തേക്കുള്ള ബള്‍ബുകള്‍ ഓഫ് ചെയ്യാഞ്ഞത് സംശയത്തിനിടയാക്കി. സമീപത്ത് റേഷന്‍ കട നടത്തുന്ന മുന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ എം.ബി.സത്യനെ വിവരമറിയിച്ചു.

മുന്നിലത്തെ വാതില്‍ ചാരിയ നിലയിലായിരുന്നു. എബ്രഹാം ഉപയോഗിക്കുന്ന മുറി പൂട്ടിക്കിടന്നു. വീടിനുള്ളില്‍ പലയിടത്തും ചോരപ്പാടുകള്‍ കണ്ടു. ജനലിലൂടെ നോക്കുമ്പോഴാണ് അടുക്കളഭാഗത്ത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്.

പത്തനംതിട്ട പോലീസിനെ വിവരമറിയിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലയാളിയുടേതെന്ന് കരുതുന്ന ചെരിപ്പില്‍ മണം പിടിച്ച പോലീസ് നായ സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തെത്തി. തലയ്ക്കും കഴുത്തിലുമുള്ള മുറിവ് മരണകാരണമായെന്ന് കരുതുന്നു. സമീപത്തുനിന്ന് വെട്ടുകത്തി പിടി ഊരിയ നിലയില്‍ കണ്ടെത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകുന്നേരങ്ങളില്‍ എബ്രഹാം ഇട്ടിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുചേരാറുണ്ടായിരുന്നു. അതിന് വന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

വീട്ടില്‍ വന്നവരില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. ഇവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി തിരിച്ചറിയാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു.

ചോരപ്പാടുകള്‍ ഏറെ നിര്‍ണായകം

പത്തനംതിട്ട: ഇലന്തൂര്‍ കിഴക്കേഭാഗത്ത് എബ്രഹാം ഇട്ടിയുടെ കൊലപാതകിയിലേക്കെത്താന്‍ പോലീസിന് അധികം വിയര്‍ക്കേണ്ടിവരില്ലെന്ന് സൂചന. വീട്ടില്‍നിന്ന് കിട്ടിയ പ്രാഥമിക തെളിവുകള്‍ അന്വേഷണത്തെ അത്രയേറെ സഹായിക്കുന്നവയാണ്. മുറികളിലെ ചോരപ്പാടുകളാണ് ഏറെ നിര്‍ണായകം. മൃതദേഹം കിടന്ന അടുക്കള മുതല്‍ സിറ്റൗട്ടില്‍ വരെ പലയിടത്തായി ചോരപ്പാടുകളുണ്ട്. ഇതില്‍ ഒന്നുരണ്ടിടത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. കൂടാതെ മൃതദേഹത്തിനരികില്‍നിന്ന് കിട്ടിയ വെട്ടുകത്തിയും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ പിത്തളപ്പിടി ഊരിമാറിയ നിലയിലാണ്.

മുറ്റത്ത് കിടന്ന ചെരുപ്പില്‍ മണംപിടിച്ച പോലീസ് നായ സമീപത്തെ പണി നടക്കുന്ന വീടിന്റെ പരിസരത്താണ് ഓട്ടം അവസാനിപ്പിച്ചത്. ഇവിടെ പണിക്കെത്തുന്നവരെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്‌തേക്കും. കൂടാതെ എബ്രഹാമിന്റെ വീട്ടില്‍ രാത്രിയില്‍ ഒത്തുകൂടാറുള്ള സുഹൃത്തുക്കളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ഒന്നുരണ്ട് പേരില്‍നിന്ന് അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കിട്ടിയതായറിയുന്നു. പണിക്കും മറ്റുമായി ധാരാളംപേര്‍ ഈ ഭാഗത്ത് വന്നുപോകുന്നതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും നിര്‍ണായകമാണ്. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി സ്ഥലം സന്ദര്‍ശിച്ചു.