പൂവാര്‍: കഴുത്തില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ട ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു. ചെക്കടി മണ്ണാംവിളാകം ലക്ഷംവീട് കോളനിയില്‍ അച്യുതന്റെ മകന്‍ അനീഷ് (31) ആണ് മരിച്ചത്. പൂവാറിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പൂവാര്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്താണ് കഴുത്തിലും മുഖത്തും മുറിവുകളുമായി അനീഷിനെ അവശനിലയില്‍ സ്റ്റാന്‍ഡിലെ ഓട്ടോക്കാരും നാട്ടുകാരും കണ്ടെത്തിയത്. തുടര്‍ന്ന് പൂവാര്‍ പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ വൈകീട്ടോടെ മരിച്ചു.

അനീഷ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കയര്‍പൊട്ടി താഴെ വീണതാകാമെന്നും അവിടെ നിന്നും ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ത്തന്നെ വെന്റിലേറ്ററിലേക്കു മാറ്റിയതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു.

എന്നാല്‍, അനീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴുത്തില്‍ക്കണ്ട മുറിവും നെറ്റിയില്‍ക്കണ്ട പാടുകളും സംശയം വര്‍ധിപ്പിക്കുന്നതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. തങ്കമാണ് അനീഷിന്റെ അമ്മ. സഹോദരന്‍: അജീഷ്. പൂവാര്‍ പോലീസ് കേസെടുത്തു.