മുംബൈ: അഞ്ച് രൂപയ്ക്ക് വേണ്ടി ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു. മുംബൈയിലെ ബൊറിവാലി സ്വദേശി റാംദുലാര്‍ സര്‍ജു യാദവിനെ(68)യാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിഎന്‍ജി സ്റ്റേഷനിലെ അഞ്ച് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രകൃതിവാതകം ഉപയോഗിച്ചുള്ള ഓട്ടോയാണ് റാംദുലാര്‍ ഉപയോഗിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഓട്ടോയില്‍ ഇന്ധനം നിറയ്ക്കുന്നതിനായി സിഎന്‍ജി സ്റ്റേഷനില്‍ കയറി. തുടര്‍ന്ന് 500 രൂപ നല്‍കി 205 രൂപയ്ക്ക് ഇന്ധനം നിറച്ചു. ബാക്കി തുകയായ 295 രൂപയ്ക്ക് പകരം 290 രൂപയാണ് പമ്പ് ജീവനക്കാരനായ സന്തോഷ് യാദവ് സര്‍ജുവിന് നല്‍കിയത്. 

തുടര്‍ന്ന് അഞ്ച് രൂപയുടെ കുറവ് ചൂണ്ടികാണിച്ച് ചോദ്യം ചെയ്തതോടെ സര്‍ജുവിനെ സന്തോഷ് അസഭ്യം പറയുകയും മറ്റു ജീവനക്കാരും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിനിടെ യാദവിന്റെ മകന്‍ പമ്പിലെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Content Highlights: auto driver beaten to death over five rupees